ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല വായനശാലയ്ക്ക് സമീപം താമസിക്കുന്ന മാനസിക വൈകല്യമുള്ള യുവതിയെയും 6 വയസുള്ള മകളെയും മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ദീർഘകാലമായി ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് മകളുമൊത്ത് വീട്ടിൽ താമസിച്ചു വരികയായിരുന്നു. അമ്മയും മറ്റു സഹോദരങ്ങളും ബന്ധുക്കളും തൊട്ടടുത്ത് താമസിക്കുന്നുണ്ടെങ്കിലും ആരെയും വീട്ടിലേക്ക് അടുപ്പിക്കില്ല. ബന്ധുക്കൾ ചെന്നാൽ അവരെ അസഭ്യം പറയും. 15 വയസുകാരിയായ മകളെ പന്തളത്തുള്ള സന്നദ്ധസംഘടന ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്. ഇളയ കുട്ടിയെ . ടീച്ചർ നിർബന്ധിച്ചാണ് അംഗനവാടിയിൽ കൊണ്ടുപോയിരുന്നത്.
ലോക് ഡൗൺ സമയത്ത് സന്നദ്ധ സംഘടനകളും, സമുദായ സംഘടനകളുമാണ് സഹായിച്ചിരുന്നത്.
ഇവരെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പതിനാറാംവാർഡ് അംഗം കുഞ്ഞുമോളുടേയും അംഗനവാടി ടീച്ചർ ലേഖയുടെയും പൊതുപ്രവർത്തകനായ സത്യ ബാബുവിന്റെയും നേതൃത്വത്തിൽ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസെത്തി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു