ഇളമണ്ണൂർ: കൊവിഡ് പ്രതിരോധത്തിൽ മുഖ്യപങ്കുവഹിക്കുന്ന മാസ്കുകളുടെ വിലയിൽ ഏകീകരണം നടന്നുവെങ്കിലും ഗുണനിലവാരം എത്രത്തോളം എന്ന കാര്യത്തിൽ ആശങ്കയേറെയാണ്. ഏത് മാസ്കും ധരിക്കാൻ ജനം തയ്യാറായതോടെ വഴിയോരങ്ങളിലെ തട്ടുകടകളിൽ വരെ മാസ്ക്കുകൾ ലഭിക്കും. അലക്ഷ്യമായി തൂക്കിയിട്ട് വിൽപ്പന നടത്തുന്ന പ്രവണത നഗരങ്ങളിൽ കാണാം. കവറുകളിൽ കരസ്പർശമേൽക്കാതെ ലഭ്യമാക്കേണ്ട മാസ്ക്കുകൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പോലും വിൽക്കുന്നത് കാണാം. പല തുണിക്കടകളിലും പല വർണത്തിലുള്ള മാസ്ക്കുകൾ കൂട്ടിയിടുകയും കടകളിലെത്തുന്നവർ ഇവ കൈകൊണ്ട് തെരയുന്നതും രോഗവ്യാപനത്തിന് കാരണമായി തീർന്നേക്കാം. പലയിടത്തും ഗുണനിലവാരം തീരെയില്ലാത്ത മാസ്കുകളാണ് വിപണികളിലെത്തിയിരിക്കുന്നത്. മാസ്കുകളുടെ കാര്യത്തിൽ ഗുണനിലവാര പരിശോധന ആരോഗ്യ വകുപ്പിന് നടത്താൻ സാധിക്കുന്നില്ല. മാസ്കുകൾ അലക്ഷ്യമായി തൂക്കിയിട്ടിരിക്കുന്നത് കാരണം ഈർപ്പം നിറയാനും വൈറസ് പ്രതിരോധിക്കുവാനുള്ള ശേഷി കുറയുകയും ചെയ്യും.