kodumon

കൊടുമണ്ണിൽ റൈസ് മില്ലും മൂല്യവർദ്ധിത യൂണിറ്റും സ്ഥാപിക്കുന്നു

പത്തനംതിട്ട: നെൽകർഷകർക്ക് ആശ്വസിക്കാം, കൊയ്തെടുത്ത നെല്ല് സംഭരിച്ച് അരിയാക്കാൻ വണ്ടിക്കൂലി മുടക്കി ഇനി കോട്ടയത്തേക്ക് പോകേണ്ട. ജില്ലയ്ക്ക് സ്വന്തമായി റൈസ് മിൽ കൊടുമണ്ണിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിക്കും. ഒപ്പം പഴങ്ങളും കിഴങ്ങുവർഗങ്ങളും സംസ്കരിക്കുന്ന മൂല്യവർദ്ധിത യൂണിറ്റുമുണ്ടാകും. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റൈസ് മില്ലും മൂല്യവർധിത യൂണിറ്റും സ്ഥാപിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവിയും കൊടുമൺ ഡിവിഷൻ അംഗം ആർ.ബി. രാജീവ് കുമാറും അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി പദ്ധതിക്ക് അംഗീകാരം നൽകി. 32 ലക്ഷം രൂപയാണ് ചെലവ്. കൊടുമൺ പഞ്ചായത്തിന്റെയും പറക്കോട് ബ്ളോക്കിന്റെയും സഹകരണത്തോടെ ഒറ്റത്തേക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 150 ടൺ നെല്ല് ഇവിടെ ശേഖരിച്ചിട്ടുണ്ട്.


റൈസ് മിൽ

കൊടുമണ്ണിലെ നെൽ കർഷകർ 'കൊടുമൺ റൈസ്' എന്ന പേരിൽ വിപണിയിൽ അരി ഇറക്കുന്നുണ്ട്. ജില്ലയിൽ റൈസ് മില്ലുകൾ ഇല്ലാത്തതിനാൽ നെല്ല് സംഭരിച്ച് കോട്ടയത്ത് കൊണ്ടുപോയാണ് അരിയാക്കി മാറ്റുന്നത്. ഇതിനു ഭീമമായ തുക നെൽകർഷകരുടെ കൂട്ടായ്മയായ ഫാർമേഴ്‌സ് സൊസൈറ്റിക്കു ചെലവാകുന്നു. റൈസ് മിൽ യൂണിറ്റ് യഥാർത്ഥ്യമാകുന്നതോടെ ഇത് ഒഴിവാകും. നിലവിൽ 100 ടൺ നെല്ലാണു സംഭരിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുന്നത്. ഇപ്പോൾ 150 ടൺ നെല്ല് സംഭരിച്ച് കഴിഞ്ഞു. സമീപ പഞ്ചായത്തുകളിലെ നെൽകർഷകർക്കും റൈസ് മിൽ പ്രയോജനം ചെയ്യും.

@ മൂല്യ വർദ്ധന യൂണിറ്റ്

ചക്കപ്പഴം, വാഴപ്പഴം, ജില്ലാ പഞ്ചായത്തിന്റെ സുഫലം പദ്ധതിയിൽ ഉൾപ്പെടുത്തി അധികമായി കൃഷി ചെയ്ത് വരുന്ന കിഴങ്ങ് വർഗങ്ങൾ, മരച്ചീനി എന്നിവ സംസ്‌കരിച്ച് മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിക്കും. ഇവ വിപണിയിലെത്തിക്കും.

@ ആകെ ചെലവ് 32 ലക്ഷം

@ റൈസ് മിൽ 26 ലക്ഷം

@ മൂല്യവർദ്ധിത യൂണിറ്റ് 6 ലക്ഷം

'' കർഷകർക്ക് വിളകളുടെ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിന് പദ്ധതി നടപ്പാക്കുന്നതിലൂടെ സാധിക്കും.

അന്നപൂർണ ദേവി,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

'' ജില്ലയിലെ കർഷകർക്ക് ആത്മവിശ്വാസം നൽകുന്ന പദ്ധതികളാണ് റൈസ് മില്ലും മൂല്യവർദ്ധിത യൂണിറ്റും. ഇത് സംബന്ധിച്ച കൂടിയാലോചനകൾ 15ന് കൊടുമൺ പഞ്ചായത്ത് ഹാളിൽ നടക്കും.

ആർ.ബി രാജീവ് കുമാർ,

ജില്ലാ പഞ്ചായത്ത് കൊടുമൺ ഡിവിഷൻ അംഗം.