പത്തനംതിട്ട: ഇന്നു മുതൽ എല്ലാവർക്കും ഒാൺലൈൻ പഠന സൗകര്യം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പഠന സൗകര്യം ലഭിക്കാത്ത കുട്ടികൾ അവരുടെ സ്കൂളിലെ പ്രഥമാദ്ധ്യാപകരുമായി ബന്ധപ്പെടണം.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന എം.എസ്.രേണുക ഭായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഓൺലൈൻ പഠന സൗകര്യം എല്ലാവർക്കും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസർ കെ.ജെ ഹരികുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ കെ.വി അനിൽ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ഡയറ്റ്, കൈറ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
കുട്ടികൾക്കും അദ്ധ്യാപകർക്കുമുള്ള നിർദേശങ്ങൾ
1. ജില്ലയ്ക്ക് പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ അതത് പഞ്ചായത്ത് ചുമതലയുള്ള സമഗ്ര ശിക്ഷയുടെ അദ്ധ്യാപകരുമായി ബന്ധപ്പെടണം.
2. ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനസൗകര്യം ഉറപ്പുവരുത്താൻ ഹെൽപ് ഡസ്‌ക്കുകൾ സജ്ജമാക്കും.
3. ഓൺലൈൻ പഠനസൗകര്യവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആവശ്യങ്ങൾക്കും പ്രഥമ അദ്ധ്യാപകർക്ക് ഉപജില്ല, ജില്ലാ തലത്തിലെ ഹെൽപ്പ് ഡസ്‌ക്കുമായി ബന്ധപ്പെടാം.
4. സമഗ്ര ശിക്ഷ അഭിയാൻ ജില്ലയിൽ ഏതാനും പൊതുഇടങ്ങളിൽ ഓൺലൈൻ പഠന സംവിധാനം ഒരുക്കും. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ ഉള്ള എല്ലാ കുട്ടികളും സ്വന്തം വീടുകളിലോ പൊതു ഇടങ്ങളിലോ മറ്റ് ഏതെങ്കിലും കേന്ദ്രങ്ങളിലോ ക്ലാസിൽ പങ്കെടുക്കണം.
5. ഇതിനു സാധിക്കാത്തവർക്ക് പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്ത് പിന്നീട് ലാപ്‌ടോപ്, എൽ.സി.ഡി സംവിധാനത്തിലൂടെ കാണിക്കുന്നതിന് സ്‌കൂളുകൾ മുൻകൈ എടുക്കും.
6. പൊതുഇടങ്ങളിൽ പഠന സൗകര്യം ഏർപ്പെടുത്തിയ എല്ലാ കേന്ദ്രങ്ങളിലും അടുത്തുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ഡ്യൂട്ടി നിശ്ചയിച്ചു നൽകും.
7. ഓൺലൈൻ പഠനത്തിൽ ഏർപ്പെടുന്ന എല്ലാ കുട്ടികൾക്കും അക്കാദമിക് പിന്തുണ അദ്ധ്യാപകരിൽ നിന്ന് ലഭിക്കുന്നുവെന്ന് പ്രഥമ അദ്ധ്യാപകർ ഉറപ്പാക്കും.
8. ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാത്ത കുട്ടികളെ ഫോൺ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതിനും പഠന മാർഗനിർദേശങ്ങൾ നൽകുന്നതിനും ക്രമീകരണം ചെയ്യും.