പത്തനംതിട്ട: രാഷ്ട്രീയത്തിൽ കുത്ത് ഏറെ കിട്ടിയതാ ഇൗ ജോഷിക്ക്. അതുകൊണ്ട് കളക്ടറേറ്റിലെ തേനീച്ചകൾ എത്ര കുത്തിയാലും അദ്ദേഹത്തിന് കുത്തല്ല. ജില്ലാ മെഡിക്കൽ ഒാഫീസ് പ്രവർത്തിക്കുന്ന നാലാം നിലയുടെ മകൾത്തട്ടിൽ കൂടുവച്ച് കഴിഞ്ഞിരുന്ന ലക്ഷത്തിലേറെ വരുന്ന തേനീച്ചകളെ അകറ്റിയത് നിമിഷ നേരം കൊണ്ട്. കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റും പൂഞ്ഞാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജോഷിയാണ് അപകടകാരികളായ തേനീച്ചകളുടെ കൂട് പൊളിച്ചത്. പക്ഷെ, തേൻ കിട്ടുമെന്ന് പ്രതീക്ഷിച്ച ജീവനക്കാർ നിരാശരായി. അടയിൽ തേനുണ്ടായിരുന്നില്ല. പതിനഞ്ച് ദിവസം മുൻപായിരുന്നെങ്കിൽ 30 കുപ്പി തേൻ കിട്ടുമായിരുന്നുവെന്ന് ജോഷി പൂഞ്ഞാർ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ തോമസ് കുട്ടി, കേരളകോൺഗ്രസ് നേതാക്കളായ എ.കെ.നാസർ ആലുംതറ, സോജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് നാല് മണിക്ക് എത്തിയ സംഘം പത്ത് മിനിട്ടിനുള്ളിൽ തേനീച്ചപ്പടയെ തുരത്തി. ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് സംഘം എത്തിയത്..

വറുതെ തീ കത്തിച്ച് ഇൗച്ചകളെ ഒടിക്കുകയല്ല ജോഷി. കൂട് പൊളിക്കുന്നതിന് ചില തന്ത്രങ്ങളുണ്ട്. ചൂട്ടിൽ എട്ടിനം പച്ചമരുന്ന് പുരട്ടും. ഇത് കത്തിക്കുമ്പോൾ പുകയും. കൂടിന് നേരെ പിടിച്ചാൽ തേനീച്ചകളുടെ ആക്രമണ ശേഷി നഷ്ടപ്പെടും. ഒാർമ ശക്തി പോകും. പറന്ന് ദൂരേക്കു പോകും. പുകച്ച് പുറത്തു ചാടിക്കുന്ന വിദ്യ ജോഷി രാഷ്ട്രീയത്തിൽ നിന്ന് പഠിച്ചതല്ല. അട്ടപ്പാടിയിലെ ഒരു ആദിവാസി പഠിപ്പിച്ചതാണ്. ഇരുപത് വർഷമായി ജോഷി തേനീച്ചകളെയും കടന്നലുകളെയും ഒാടിച്ചുവിടുന്ന പണി ചെയ്യുന്നു.

അടുത്തിടെ കാരംവേലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ തേനീച്ചകളെ അകറ്റിയതും ജോഷിയാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പുതുപ്പള്ളി വീട്ടിൽ കൂടുവച്ച തേനീച്ചകളെ ഒാടിച്ചു വിട്ടിട്ടുണ്ട്. മുൻമന്ത്രി കെ.എം.മാണിയുടെ വീട്ടിലുമെത്തി തേനീച്ചകളെ അകറ്റി.

തേനീച്ച കൂട് പൊളിച്ചാൽ അവ പറന്ന് 50 കിലോമീറ്ററെങ്കിലും അകലെ മാറിയേ അടുത്ത കൂട് വയ്ക്കൂവെന്ന് 48കാരനായ ജോഷി പൂഞ്ഞാർ പറയുന്നു.

ഒരിക്കൽ ഭരണങ്ങാനത്ത് പാലത്തിനടിയിൽ നിന്ന് തേനീച്ചകളെ അകറ്റിയപ്പോൾ ജോഷിക്ക് മാരകമായി കുത്തേറ്റ് ആശുപത്രിയിലായിട്ടുണ്ട്. ചൂട്ട് കത്തിച്ചു പിടിച്ചയാളുടെ സൂക്ഷ്മതക്കുറവ് കൊണ്ട് പറ്റിയതാണ്.