ട്രോളിംഗ് നിരോധനകാലത്ത് നെത്തോലി കൊയ്ത്ത്
ആലപ്പുഴ: ട്രോളിംഗ് നിരോധനം മൂലം ബോട്ടുകൾ കടലിൽ ഇറങ്ങുന്നില്ലെങ്കിലും മീൻപ്രിയർക്ക് സന്തോഷം പകർന്ന് നെത്തോലി കൊയ്ത്ത്.കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന വലിയവള്ളങ്ങൾക്ക്(ഇൻബോർഡ് വള്ളങ്ങൾ) സുലഭമായി നെത്തോലിയും അയലയും കിട്ടിത്തുടങ്ങിയതോടെ വിലയും കുത്തനെ കുറഞ്ഞു.അധികം ദൂരത്തേക്ക് പോകാതെ മീൻപിടിക്കുന്ന ചെറുവള്ളങ്ങൾക്ക് (പൊന്ത് വള്ളങ്ങൾ) പൂവാലൻ ചെമ്മീനും കിട്ടുന്നുണ്ട്.
ഇതിന് പുറമെ തമിഴ്നാട്ടിലെ വിവിധ ഹാർബറുകളിൽ നിന്ന് ഉരുളൻ മത്തിയും കേരളത്തിലേക്ക് വരുന്നുണ്ട്. തൂത്തുക്കുടി, നാഗപട്ടണം,രാമേശ്വരം,കന്യാകുമാരി,ചന്ദ്രപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി പ്രതിദിനം 200 ലോഡിലേറെ മത്തിയാണ് എത്തുന്നത്. പുറമെ മംഗലാപുരത്തെ മലാപ്പിൽ നിന്ന് ചെങ്കലവയും വന്നു തുടങ്ങി. കൊവിഡ് നിരോധനം മൂലം നല്ലൊരു പങ്ക് ബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങാതായതോടെ മത്സ്യവിപണി തകർച്ചയിലായിരുന്നു. കിട്ടുന്ന മീനിന്റെ വില നിയന്ത്രണമില്ലാതെ ഉയർന്നപ്പോൾ ചെറുകിട കച്ചവടക്കാർക്കും വഴിമുട്ടി. ഇരുചക്രവാഹനങ്ങളിലെ മത്സ്യവില്പന ഇപ്പോൾ കൂടുതൽ ഉഷാറായി.
ഓൺലൈൻ മത്സ്യ വിപണിയും സജീവമാണ്. ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഈ ബിസിനസിലുണ്ട്. നേരിട്ടുവാങ്ങുന്നതിനെക്കാൾ അല്പം വില കൂടുതലാവുമെന്ന് മാത്രം. കരിമീൻ, ഞണ്ട് തുടങ്ങിയ ഇനങ്ങൾക്കാണ് വലിയ ഡിമാൻഡ്.
200 : പ്രതിദിനം ഇരുന്നൂറോളം ലോഡ് മത്തി അയൽസംസ്ഥാനത്തു നിന്നെത്തും
വിലയിൽ കുറവ്
(വില രൂപയിൽ)
നെത്തോലി: മൊത്തവിപണിൽ കിലോയ്ക്ക് 50 വരെ
ചെമ്മീൻ ( 220 മുതൽ 230 വരെ)
മത്തി (150)
ചെങ്കലവ(230)
അയല(220-240)
മരവിക്കാതെ ഐസ് വില
(ഒരു കട്ടയ്ക്ക് രൂപയിൽ)
ഇപ്പോൾ : 70
മുമ്പ് : 50
ഐസിന് ക്ഷാമം
ഐസു കിട്ടാനുള്ള ക്ഷാമം മീൻവില്പനക്കാരെ വലയ്ക്കുന്നുണ്ട്.പെട്ടിഓട്ടോകളിലും ഇരുചക്രവാഹനങ്ങളിലും വില്പന നടത്തുന്നവരാണ് ഐസിന്റെ ആവശ്യക്കാർ. ലോക്ക്ഡൗൺ കാരണം ബോട്ടുകളും വള്ളങ്ങളും ഇറങ്ങാതായതോടെ സംസ്ഥാനത്തെ നല്ലൊരു പങ്ക് ഐസ് പ്ളാന്റുകളും ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. കുറച്ച് പ്ളാന്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
''കായംകുളം ഹാർബറിൽ അനധികൃത ടോൾ പിരിവ് നടക്കുന്നുണ്ട്.മീൻ വാങ്ങാനെത്തുന്ന വാഹനങ്ങൾക്കുള്ള ടോൾ പിരിവ് സർക്കാർ നിർത്തിവച്ചത് മറികടന്നാണ് ഇവിടെ പിരിവ്. ഇതേക്കുറിച്ച് പരാതി നൽകി
സി.എച്ച്.സാലി(ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)