കോട്ടയം: ടാങ്കർ ലോറിയിൽ നിന്ന് എം.സി റോഡിലേയ്ക്ക് വൻ തോതിൽ പെട്രോൾ ചോർന്നു. അപകടം ഒഴിവാക്കിയത് ഡ്രൈവറുടെ മനസാന്നിദ്ധ്യം. ഏഴു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ പെട്രോൾ മറ്റൊരു ടാങ്കറിലേയ്‌ക്ക് മാറ്റി.

ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. 12000 ലിറ്റർ പെട്രോളുമായി ഇരുമ്പനത്ത് നിന്ന് നെയ്യാറ്റിൻകരയിലേയ്ക്കു പോവുകയായിരുന്നു ലോറി. എം.സി റോഡിൽ നാഗമ്പടം ഭാഗത്ത് എത്തിയപ്പോൾ ലോറിയുടെ പിന്നാലെ ബൈക്കിലെത്തിയ യുവാവ് പെട്രോൾ ചോരുന്നതായി ഡ്രൈവർ എൽദോയെ അറിയിച്ചു. തുടർന്ന് സഹായിയായ ശ്രീജിത്തിനൊപ്പം നടത്തിയ പരിശോധനയിൽ ചോർച്ച ഗുരുതരമാണെന്ന് വ്യക്തമായി. ഡ്രൈവർ നാഗമ്പടം മഹാദേവക്ഷേത്ര മൈതാനത്തേയ്‌ക്ക് ലോറി മാറ്റിയിടുകയും അഗ്നിരക്ഷാ സേനയെയും പൊലീസിനെയും അറിയിക്കുകയും ചെയ്തു. അഗ്നിരക്ഷാ സേനാ അധികൃതർ ആദ്യം എം.സീൽ ഉപയോഗിച്ച് ചോർച്ച അടയ്‌ക്കാനാണ് ശ്രമിച്ചത്. എന്നാൽ അതു വിജയിക്കാതെ വന്നതോടെ ടാങ്കറിൽ നിന്ന് ഇന്ധനം മാറ്റാനായി ശ്രമം.ചിങ്ങവനത്തു നിന്ന് ടാങ്കർ ലോറിയും ഇരുമ്പനത്തു നിന്ന് പെട്രോൾ ടാങ്കറിലേയ്‌ക്കു മാറ്റുന്നതിനുള്ള ഉപകരണവും എത്തിച്ചു. ടാങ്കർ ലോറിയുടെ മൂന്ന് അറകളിലായാണ് പെട്രോൾ സൂക്ഷിച്ചിരുന്നത്. ഇതിൽ ആദ്യത്തെ അറയുടെ വാൽവിൽ നിന്നുമാണ് ചോർച്ചയുണ്ടായത്. ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ, ഹിന്ദുസ്ഥാൻ പെട്രോളിയം ഏരിയ മാനേജർ ഇ.ഡി. ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് പെട്രോൾ മാറ്റിയത് . തീപിടിത്തം ഒഴിവാക്കുന്നതിനായി അഗ്നിരക്ഷാ സേന ടാങ്കർ ലോറിയിലേക്ക് ഇടവേളകളിൽ വെള്ളവും ഫോം കോമ്പൗണ്ടും ഒഴിക്കുന്നുണ്ടായിരുന്നു.