കോട്ടയം: വർഷത്തിൽ അഞ്ചിൽ താഴെ കേസുകൾ മാത്രം. ജില്ല ബാലവേല വിമുക്തമാകുന്നതായാണ് റിപ്പോർട്ട്. ബാലവേല ദിനത്തിൽ ചൈൽഡ് ലൈൻ നടത്തിയ പഠനത്തിലാണ് ജില്ലയിലെ ബാലവേല കേസുകളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയത്. പതിനാല് വയസിൽ താഴെയുള്ള കുട്ടികളെക്കൊണ്ടു പണിയെടുപ്പിച്ചതിന് കഴിഞ്ഞ വർഷം ഒരു കേസ് മാത്രമാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു നാലു കേസുകളും പതിനാലിനു മുകളിൽ പ്രായമുള്ളവരെ ജോലി ചെയ്യിച്ചതിനാണ്.
മൂന്നു വർഷം കൊണ്ട് 18 കേസുകൾ മാത്രമാണ് കുട്ടികളെക്കൊണ്ടു ജോലി ചെയ്യിച്ചതിനു രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുകളിൽ ഏറെയും ഇതര സംസ്ഥാനങ്ങളിലെ കുട്ടികളുമായി ബന്ധപ്പെട്ടാണ്.
അനുമതി വേണം
14 വയസിനു മുകളിൽ പ്രായമുള്ള കുട്ടികളെ ജോലി ചെയ്യിക്കുന്നതിനു ചില പ്രത്യേക മേഖലകളിൽ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഇതിനും തൊഴിൽ വകുപ്പിൻ്റെ അനുമതി വേണം.
ബാലവേല ഇങ്ങനെ
പതിനാല് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ഏതു മേഖലയിലും ജോലി ചെയ്യിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ കൂടുതലും കുട്ടികളെ എത്തിക്കുന്നത്. കണ്ടെത്തുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കും. തുടർന്ന് ഇവരെ നാട്ടിലേയ്ക്കു മടക്കി അയയ്ക്കും.
കണ്ടെത്താൻ പാടുപെടും
ജില്ലയിലെ പല വീടുകളിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ വീട്ടു ജോലികൾക്ക് നിർത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, കൃത്യമായ തെളിവുകളോ പരാതികളോ ലഭിക്കാത്തതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കോ, ചൈൽഡ് ലൈനിനോ ഇടപെടാൻ സാധിക്കുന്നില്ല..
പരാതിയുണ്ടെങ്കിൽ വിളിക്കാം
1098 - ടോൾ ഫ്രീ നമ്പർ
0481 2571098 - ചൈൽഡ് വെൽഫെയർ കമ്മിറ്റി
ബാലവേല കണ്ടെത്താൻ പരിശോധന ശക്തമായി നടക്കുന്നുണ്ട്. ഇതോടൊപ്പം ബോധവത്കരണ നടപടികളുമുണ്ട്. ജില്ലയിലെ എല്ലാ കടകളിലും ഇതിനായി സ്റ്റിക്കറുകൾ പതിക്കും.
ജസ്റ്റിൻ മൈക്കിൾ, ജില്ലാ കോ ഓർഡിനേറ്റർ
ചൈൽഡ് ലൈൻ