കോട്ടയം: ചാന്നാനിക്കാട് ആനത്തറവാട്ടിലെ ഇളയ കൊമ്പൻ ചാന്നാനിക്കാട് വിജയ സുന്ദർ ചരിഞ്ഞു. 38 വയസുകാരനും ബീഹാറിയുമായ കൊമ്പനെ 15 വർഷം മുൻപാണ് ചാന്നാനിക്കാട് ഗ്രൂപ്പ് സ്വന്തമാക്കുന്നത്. എരണ്ടക്കെട്ടിനെ തുടർന്ന് മൂന്നു മാസത്തോളമായി കൊമ്പൻ ചികിത്സയിലായിരുന്നു. ആറു മാസത്തിനിടെ ചാന്നാനിക്കാട് ഗ്രൂപ്പിന്റെ രണ്ടാമത്തെ കൊമ്പനാണ് ചരിയുന്നത്. ജനുവരി 11 ന് ഇവരുടെ തന്നെ സൂര്യനാരായണൻ പാമ്പുകടിയേറ്റു ചരിഞ്ഞിരുന്നു.
ചാന്നാനിക്കാട് വിജയസുന്ദർ നേരത്തെ വാക്കയിൽ വിജയൻ എന്നാണ് അറിയപ്പെട്ടിരുന്നത്. പതിനഞ്ചു വർഷം മുൻപാണ് ആനക്കുറുപ്പ് എന്ന ചാന്നാനിക്കാട് മുളന്താനത്ത് രാഘവക്കുറുപ്പ് ആനയെ വാങ്ങിയത്. എന്നാൽ ബീഹാറിൽ നിന്ന് വാളക്കയം തോമസ്‌കുട്ടി എന്നയാളാണ് കേരളത്തിൽ കൊണ്ടുന്നത്. തുടർന്ന് വാക്കയം തറവാട്ടുകാർ വിജയനെന്ന പേരുചൊല്ലി വിളിക്കുകയായിരുന്നു. ചാന്നാനിക്കാട്ട് എത്തിയതോടെ വിജയ സുന്ദറായി .
ഗജരൗദ്രഭീമൻ എന്ന് അറിയപ്പെട്ടിരുന്ന കൊമ്പൻ ഉത്സവപ്പറമ്പുകൾക്കു പ്രിയങ്കരനായിരുന്നു. ചാന്നാനിക്കാട് തറവാടിനു സമീപത്തെ തന്നെ പുരയിടത്തിൽ വച്ചാണ് കൊമ്പന് ചികിത്സ നൽകിയിരുന്നത്. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ ചരിഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ശവശരീരം അടക്കം ചെയ്‌തു.