കുഴിത്തുറ: കേരള - തമിഴ്നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. വിദേശത്തു നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്ന പ്രവാസികളെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഭക്ഷണം വാങ്ങി കൊടുത്ത ശേഷം ട്രാൻസ്‌പോർട് ബസുകളിലും ടാക്സികളിലുമായി തമിഴ്‌നാട്ടിലേക്ക് എത്തിക്കുമ്പോൾ ഇ-പാസ് ഇല്ലെന്ന കാരണത്താൽ കേരള- തമിഴ്നാട് അതിർത്തി ചെക്പോസ്റ്റിൽ തമിഴ്നാട് ഉദ്യോഗസ്ഥർ അവരെ തടയുകയാണ്. ഈ സാഹചര്യത്തിൽ റോഡുവക്കിലുള്ള കടവരാന്തകളിൽ കഴിച്ചുകൂട്ടാനാണ് ഇവരുടെ വിധി. അതിർത്തിയിൽ നടക്കുന്ന ഈ പ്രശ്നങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടും തമിഴ്നാട് സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന പരാതിയും ഉയരുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ അടുത്തുള്ള കോളേജുകളിലോ കല്യാണ മണ്ഡപങ്ങളിലോ ക്വാറന്റൈൻ ചെയ്യാൻ പോലും തമിഴ്നാട് തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
പ്രശ്നം ഗുരുതരം
തമിഴ്‌നാട്ടിലെ വിമാനത്താവളങ്ങൾ തുറക്കാത്ത സാഹചര്യത്തിലാണ് ഇവർ തിരുവനന്തപുരത്തെ ആശ്രയിക്കുന്നത്
എംബസി വഴി അപേക്ഷ കൊടുത്ത് ആഴ്ചകളോളം കാത്തിരുന്നാണ് മടങ്ങാനുള്ള അനുമതി നേടുന്നത്.
അതിർത്തിയിൽ എത്തിയ ശേഷം സർക്കാരിന്റെ ഇ- പാസിന് അപേക്ഷിക്കുമ്പോൾ സെർവർ തകരാറെന്ന മറുപടിയാണ് ലഭിക്കുന്നത്.
ഇവരിൽ ഭൂരിഭാഗം ആൾക്കാരും ഉപയോഗിച്ച മാസ്ക് തന്നെയാണ് വീണ്ടും ഉപയോഗിക്കുന്നത്
രണ്ട് ദിവസമായി റോഡിൽ തന്നെ ഇരിക്കുന്ന ഇവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല
കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ആരോഗ്യ പ്രവർത്തർക്കും അവരുടെ വീട്ടുകാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അതിർത്തിയിൽ കുടുങ്ങിയത് 300ൽ പരം ആളുകൾ
ബുധനാഴ്ച രാവിലെ എത്തിയവരെ പോലും അതിർത്തി കടത്തിയിട്ടില്ല. കേരള സർക്കാർ കാണിച്ച മാനസിക പരിഗണനപോലും തമിഴ്നാട് സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ജനപ്രതിനികളുടെ ഭാഗത്തിൽ നിന്നു ലഭിക്കാത്തത് വളരെ വേദനാജനകമാണ്
- പ്രവാസികൾ
അതിർത്തി പ്രദേശങ്ങളിലുള്ളവർ ഈ റോഡ് വഴിയാണ് നിരന്തരം സഞ്ചരിക്കുന്നത്. അതിനാൽ സമൂഹവ്യാപനം ഉണ്ടാകുമോ എന്ന ഭയവുമുണ്ട്. ജില്ലാ ഭരണകൂടം എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി രൂക്ഷമാവും.
-പ്രദേശവാസികൾ
ഫോട്ടോ: കളിയിക്കാവിള ചെക്‌പോസ്റ്റിൽ അതിർത്തികടക്കാൻ ഇ-പാസിനായി നിൽക്കുന്നവർ