blood

 ഇന്ന് ലോക രക്തദാന ദിനം

പത്തനംതിട്ട: അർജന്റ് ആയി രക്തം ആവശ്യമുണ്ടോ? ഒന്നു വിളിച്ചാൽ മതി പത്തനംതിട്ടയിലെ പെൺപുലികൾ പറന്നെത്തും. ഒന്നും രണ്ടുമല്ല, മുന്നൂറ് സ്ത്രീകളാണ് രക്തം നൽകാൻ സന്നദ്ധരായി രംഗത്തുള്ളത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ഇൗസ് ബ്ളഡ് കേരള എന്ന സംഘടനയുടെ കീഴിലാണ് ജില്ലയിലെ മുന്നൂറോളം സ്ത്രീകളെ ചേർത്ത് സ്ത്രീ ജ്വാല എന്ന ഉപസംഘടന കഴിഞ്ഞ മാസം രൂപീകരിച്ചത്. ഇതിനിടെ സംഘടിപ്പിച്ച പത്ത് ക്യാമ്പുകളിൽ നിന്നായി 58 പേർക്കാണ് സ്ത്രീജ്വാലയുടെ നേതൃത്വത്തിൽ രക്തം നൽകിയത്.

വീട്ടമ്മമാർ,സർക്കാർ ജീവനക്കാർ, അഭിഭാഷകർ, അദ്ധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അംഗങ്ങളാണ്. വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് അംഗങ്ങൾ ബന്ധപ്പെടുന്നത്. രക്തം വേണ്ടവരുടെ വിവരങ്ങൾ നൽകുമ്പോൾ സമയവും സൗകര്യവുമുള്ളവർ സന്നദ്ധത അറിയിക്കും. സ്വന്തം ചെലവിൽ സ്ഥലത്തെത്തി രക്തംനൽകും. ക്യാമ്പുകൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കുമുള്ള ചെലവ് അംഗങ്ങൾ വഹിക്കും. 20 പേരടങ്ങുന്ന കമ്മിറ്റിക്കാണ് മേൽനോട്ടം.

റെഡ് ഇൗസ് ബ്ളഡ് കേരള രൂപീകരിച്ച ജിതിൻ പയ്യന്നൂർ മുന്നോട്ടുവച്ച ആശയം പത്തനംതിട്ടയിലെ മിടുക്കികൾ ഏറ്റെടുക്കുകയായിരുന്നു. ബിരുദ വിദ്യാർത്ഥിനികളായ സ്നേഹ സുനിൽ പ്രസിഡന്റും സിന്ധു മാത്യു സെക്രട്ടറിയുമാണ്. ഫോൺ- 6282371398, 8136877970, 8075020235.

സ്ത്രീകൾ ഇപ്പോൾ രക്തദാനത്തിനു സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ട്. രക്തം നൽകുന്നതിലൂടെ ആരോഗ്യം വർദ്ധിക്കും.

കൊളസ്ട്രോൾ, ഹൃദയസംബന്ധമായ രോഗങ്ങൾ ഒക്കെ കുറയാൻ സഹായിക്കും.

-ഡോ. പ്രറ്റി

പത്തനംതിട്ട ജനറൽ ആശുപത്രി

സ്ത്രീജ്വാലയിലെ പെൺകുട്ടികൾ അഭിമാനമാണ്. എപ്പോൾ വിളിച്ചാലും അവർ രക്തം നൽകാൻ തയ്യാറാണ്.

-എം.എസ്. സുനിത,​ ബ്ലഡ് ബാങ്ക് കൗൺസലർ

പത്തനംതിട്ട ജനറൽ ആശുപത്രി

 രക്തം ദാനംചെയ്യാൻ കഴിയുന്നവർ

> 18 മുതൽ 65 വയസ് വരെയുള്ളവർ

> ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തിൽ കുറയരുത്

> ആൺകുട്ടികൾക്ക് ഭാരം 50 കിലോ, പെൺകുട്ടികൾക്ക് 55

> ആർത്തവം കഴിഞ്ഞ് ഏഴു ദിവസത്തിനു ശേഷമേ രക്തം നൽകാവൂ

> ഒരു വർഷം പെൺകുട്ടികൾക്ക് മൂന്നും ആൺകുട്ടികൾക്ക് നാലും തവണ രക്തം ദാനംചെയ്യാം.