പത്തനംതിട്ട : സർവത്ര പാർക്കിംഗ് ആണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ വഴിനടക്കാൻ സ്ഥലമില്ല. പ്രവേശന കവാടത്തിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ സ്റ്റാൻഡിലെത്തുന്ന ജനങ്ങൾക്ക് അകത്തേക്ക് കയറണമെങ്കിൽ വാഹനങ്ങളുടെ ഇടയിൽ കൂടി കടന്നുപോകണം.പൊലീസ് വാഹനം അടക്കം ഇങ്ങനെ പാർക്ക് ചെയ്യാറുണ്ടെന്ന് സമീപത്തെ കടകളിലുള്ളവർ പറയുന്നു.ഇതിന് പുറത്താണ് ഓട്ടോ സ്റ്റാൻഡ്.ചില സമയം ഓട്ടോറിക്ഷയ്ക്ക് പോലും സ്റ്റാൻഡിൽ കടക്കാൻ കഴിയില്ല.ഇരുചക്ര വാഹനങ്ങളും കാറും ടെമ്പോയും എല്ലാം നിരത്തിൽ പാർക്ക് ചെയ്തിരിക്കുകയാണിവിടെ.മൂന്ന് കവാടങ്ങളാണ് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളത്.മൂന്നിടത്തും ഇത് തന്നെയാണ് സ്ഥിതി.വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ സ്റ്റാൻഡിലെത്തുന്നവർ ബസ് വരുന്ന വഴിയാണ് അകത്തേക്ക് പോകുന്നത്.ഇത് അപകടങ്ങൾ സംഭവിക്കാൻ കാരണമാകും.
കാത്തിരിപ്പ് കേന്ദ്രങ്ങളിലും തിരക്ക്
ജില്ലയിലെ കാത്തിരിപ്പു കേന്ദ്രങ്ങളുടെ മുമ്പിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറണമെങ്കിൽ ഏറെ ബുദ്ധിമുട്ടും. കടകളിലും മറ്റും വരുന്നവർ അലക്ഷ്യമായാണ് കാത്തിരിപ്പ് കേന്ദ്രത്തിന് മുമ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് മടങ്ങുന്നത്.ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ കെ.എസ്.ആർ.ടി ബസ് സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.കോഴഞ്ചേരിയിലും പത്തനംതിട്ടയിലുമാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മുമ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ഉടമസ്ഥർ പോകുന്നത്.
"ചിലർ വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് തിരികെ വരുന്നത്. ഇതിനിടയിൽ കൂടി ഇരുചക്രവാഹനം പോലും കടന്നു പോകില്ല.ശ്രദ്ധയിൽപ്പെടുത്തിയാൽ തർക്കമാകും"
ഷാജി
(പത്തനംതിട്ടയിലെ
ലോട്ടറി വിൽപനക്കാരൻ)