vellakkett
പെരിങ്ങര മൂലയിൽപ്പടി ഭാഗത്തെ വെള്ളക്കെട്ട്

തിരുവല്ല: പെരിങ്ങരയിലെ വെള്ളക്കെട്ട് പ്രശ്‌നം ഒഴിവാക്കാനായി ലക്ഷ്യമിട്ട് തയാറാക്കിയ പദ്ധതിയുടെ ഫയൽ ചുവപ്പുനാടയിൽ കുരുങ്ങികിടക്കുന്നു. ചെറിയമഴ പെയ്താൽ പോലും പെരിങ്ങര പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ വെളളക്കെട്ട് രൂക്ഷമാകും. ഇത് ഒഴിവാക്കാനായി മാത്യു ടി.തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട 39ലക്ഷം രൂപയുടെ ഫണ്ടാണ് ഭരണാനുമതി ലഭിക്കാത്തത്.തൂമ്പ് പുനഃസ്ഥാപിക്കൽ,വാച്ചാൽനവീകരണം തുടങ്ങിയവ ഉൾപ്പെട്ട വിവിധ പദ്ധതികളാണ് നടപ്പാക്കേണ്ടത്.എന്നാൽ രണ്ടര മാസത്തിലേറെയായി പദ്ധതിയുടെ ഫയൽ കളക്ടട്രേറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. നെന്മേലിൽ പടി മുതൽ മാണിക്കത്തടി പാടം വരെയുള്ള ഭാഗത്തെ വാച്ചാൽ തോടുകൾ നാലടി വീതിയിൽ പുനസ്ഥാപിക്കുന്നതിനും പണിക്കോട്ടിൽപ്പടി,മറിയപ്പള്ളി പടി എന്നിവിടങ്ങളിൽ തൂമ്പുകൾ പുനസ്ഥാപിക്കുന്നതിനുമായുള്ള പണികൾക്കാണ് മാത്യു ടി.തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 39 ലക്ഷം രൂപ അനുവദിച്ചത്.ചെന്നക്കാട്ടുപടി,ആലുംമൂട്ടിൽപടി,മൂന്നൊന്നിൽപടി, പെരിഞ്ചാത്തറപടി,തുണ്ടിൽപറമ്പിൽപടി, തൈപ്പറമ്പിൽപടി എന്നീ കലുങ്കുകളിലൂടെയാണ് വാച്ചാൽ തോട് ഒഴുകുന്നത്.ചെന്നക്കാട്ടുപടി കലുങ്കിനും ആലുംമൂട്ടിൽപടി കലുങ്കിനും ഇടയിൽ വീടുകളിലേക്കുള്ള വഴിക്കുവേണ്ടി തോട് നികത്തിയ സ്ഥിതിയിലാണ്. ആലുംമൂട്ടിൽപടി കലുങ്കിനും മൂന്നൊന്നിൽപടി കലുങ്കിനും ഇടയിൽ തോട് നിലവിലുണ്ട്.എന്നാൽ മൂന്നൊന്നിൽ പടി കലുങ്കിനും പെരിഞ്ചാത്തറപടി കലുങ്കിനും ഇടയിൽ തോട് പലഭാഗങ്ങളിലായി നികത്തിയിട്ടുണ്ട്.പെരിഞ്ചാത്തറപടി കലുങ്കിനും തുണ്ടിൽപറമ്പിൽപടി കലുങ്കിനും ഇടയിലുള്ള ഭാഗം മാണിക്കത്തടികൂരച്ചാൽ പാടശേഖരത്തിലുടെയാണ് കടന്നുപോകുന്നത്.നികത്തപ്പെട്ട ഭാഗങ്ങളിൽ തോട് വീണ്ടെടുത്ത് തൂമ്പുകൾ പുനസ്ഥാപിച്ച് വാച്ചാൽ തോട്ടിലൂടെയുള്ള നീരൊഴുക്ക് പൂർവസ്ഥിതിയാക്കണം.

പ്രളയഭീതിയിൽ ജനങ്ങൾ


പെരിങ്ങര പഞ്ചായത്ത് ഓഫീസ് കാര്യാലയത്തിന് മുന്നിൽ ഉൾപ്പെടെ പതിവാകുന്ന വെള്ളക്കെട്ടിനും പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിക്കും പരിഹാരം ഉണ്ടാക്കാനാണ് പദ്ധതി. 2018ലെ മഹാപ്രളയം ഏറ്റവുമധികം ബാധിച്ച മേഖല കൂടിയാണ് പെരിങ്ങര. ഓഗസ്റ്റിൽ വലിയ വെള്ളെപ്പൊക്കം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണവിഭാഗം നൽകിയിരിക്കുന്ന സാഹചര്യത്തിൽ വാച്ചാലുകൾ പുനസ്ഥാപിക്കാനെടുക്കുന്ന കാലതമസം പ്രദേശത്തെ ജനങ്ങളിൽ പ്രളയഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്.


വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതിയുടെ ഫയൽ ഭരണാനുമതിക്കായി കഴിഞ്ഞ മാർച്ച് 19ന് ജില്ലാ കളക്ടർക്ക് കൈമാറി കളക്ട്രേറ്റിൽ നിന്നുള്ള ഭരണാനുമതി ലഭിച്ചാൽ മാത്രേമേ ടെണ്ടർ നടപടികളിലേക്ക് ഇറിഗേഷൻ വകുപ്പിന് കടക്കാനാകു.
(മൈനർ ഇറിഗേഷൻ
വകുപ്പ് അധികൃതർ)


39ലക്ഷം രൂപ ഫണ്ട്


പ്രദേശത്തെ ജനങ്ങളിൽ പ്രളയഭീതി