കോന്നി : കൊവിഡ് 19 വൈറസ് വ്യാപന കാലത്ത് മാംഗോസ്റ്റിൻ വിപണനം നടത്തുവാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കാൻ ഫെസ്റ്റ് നടത്തുന്നു. മാംഗോസ്റ്റിൻ പഴം ശേഖരിച്ച് കൃഷി ഭവന്റയും കർഷക സമിതിയുടെയും ആഭിമുഖ്യത്തിൽ 15 മുതൽ 20 വരെ വിപണനമേള നടത്തും. ഏറെ ഔഷധ ഗുണമുള്ള മാംഗോസ്റ്റിൻ പഴം വിദേശ രാജ്യങ്ങളിലേക്കാണ് സാധാരണ കയറ്റി അയച്ചു വന്നിരുന്നത്. 100 വർഷംവരെ പഴക്കമുള്ള മാംഗോസ്റ്റിൻ മരങ്ങൾ കോന്നിയിൽ ഉണ്ട്. അച്ചൻകോവിൽ ആറിന്റെ തീരത്തു നിന്ന് ലഭിക്കുന്ന പഴത്തിന് സ്വാദും ഗുണവും കൂടുതലാണ്. കോന്നി ഗ്രാമപഞ്ചായത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2016 -17 മുതൽ മാംഗോസ്റ്റിൽ ഗ്രാമം പദ്ധതി നടപ്പാക്കി വരുന്നു. കൃഷിക്കാർക്ക് മികച്ച തൈകൾ വിതരണം ചെയ്യുന്നതിനായി ജനകീയാസൂത്രണ പദ്ധതിയിൽ തുക വകയിരുത്തുന്നുണ്ട് . ഇതിന്റെ തുടർച്ചയായി കർഷകരെ സംഘടിപ്പിച്ച് സൊസൈറ്റി രൂപീകരിച്ച് കോന്നി ബ്രാന്റ് 'കോന്നി ക്വീൻ' മാംഗോസ്റ്റിൻ പഴം വിപണിയിൽ ഇറക്കുന്ന നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. 15ന് രാവിലെ 10ന് ആന്റോ ആന്റണി എം.പി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് സാമൂഹിക അകലം നിലനിറുത്തിയാണ് ഫെസ്റ്റ്.