അടൂർ : ലോക്ഡൗണിനെ തുടർന്ന് മുടങ്ങി കിടക്കുന്ന ആനയടി കൂടൽ റോഡിന്റെ നിർമ്മാണം 15ന് പുന:രാരംഭിക്കാൻ തീരുമാനമായി.ചിറ്റയം ഗോപകുമാർ എം.എൽ.എയും ബന്ധപ്പെട്ട പൊതുമരാത്ത് ഉദ്യോഗസ്ഥരും ചേർന്ന് ഇന്നലെ നിർമ്മാണ പുരോഗതി വിലയിരുത്തി.പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഷീന രാജൻ,അസി.എക്സി.എൻജിനിയർ റസീന,അസി.എൻജിനിയർ മുരുകേശ് എന്നിവരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു. റോഡ് വീതികൂട്ടി ഉന്നതനിലവാരത്തിലുള്ള ടാറിംഗോടെ വികസിപ്പിക്കുന്നതിനാണ് ടെൻഡർ നൽകിയതാണ്. വിവിധ സ്ഥലങ്ങളിൽ റോഡിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.റോഡിന്റെ ഇരുവശങ്ങളിലും ഓട, ജലനിർഗമനത്തിനാവശ്യമായ കലുങ്കുകൾ, റോഡിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കൽ എന്നിവയെ ഉൾപ്പെടെയാണ് കരാർ നൽകിയിരിക്കുന്നത്. ഇതിനായി വിവിധ സ്ഥലങ്ങളിൽ കലുങ്കുക നിർമ്മിക്കുന്നതിനായി റോഡ് കുറുകെ കുഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമായ ഘട്ടത്തിലാണ് ലോക്ഡൗണായത്.നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുറിച്ചിട്ടിരുന്ന ഭാഗങ്ങൾ മണ്ണിട്ട്മൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ നിർബന്ധിതരായി.നിയന്ത്രണങ്ങൾ മാറിയിട്ടും റോഡ് നിർമ്മാണത്തിന് വേഗത കൈവരിക്കാനായില്ല.കരാറുകർക്കൊപ്പം നിന്ന പല അന്യ സംസ്ഥാന തൊഴിലാളികളും അവരവരുടെ നാടുകളിലേക്ക്മടങ്ങിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ആളില്ലാത്ത സ്ഥിതിയായത്.ഇതിനിടെ റോഡുകൾ പലയിടത്തും സഞ്ചാരയോഗ്യമല്ലാത്തതോടെ നാട്ടുകാരുംപ്രതിഷേധിച്ചു.തുടർന്നാണ് ഇന്നലെ എം.എൽ.എയുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തിയത്.
ദൈർഘ്യം - 35.109 കി. മീറ്റർ
നിർമ്മാണ ചെലവ് - 109 കോടി
നിർമ്മാണത്തിന് സൈറ്റ് കൈമാറിയത് - 2019 ജൂൺ 6
നിർമ്മാണ കാലാവധി - 1 വർഷം
ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് - 2019 നവംബറിൽ
തടസമായത് - റീസർവേ നടത്തി പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിൽ
ജൂൺ 15മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും നിർമ്മാണത്തിന് തടസമായുള്ള ആനയടി മുതൽകൂടൽ വരെയുള്ള വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റുന്നതിനും വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ മാറ്റുന്നതിനും പ്രത്യേക എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു കഴിഞ്ഞു.ഭരണാനുമതിക്കായി ധനകാര്യ മന്ത്രിക്ക് കത്തുനൽകും.സമയബന്ധിതമായി റോഡ് ഉന്നത നിലവാരത്തിലാക്കും.
ചിറ്റയം ഗോപകുമാർ
(എം.എൽ.എ)
അന്യസംസ്ഥാന തൊഴിലാളികളുടെ കുറവ് തടസമാകുന്നു