ചെങ്ങന്നൂർ: സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് നികത്തിയ ചാലിലെ മണ്ണ് തിരിച്ചെടുത്തു.നഗരസഭാ ചെയർമാൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി.നഗരസഭയുടെ ഉടമസ്ഥതയിലുള്ള പെരുങ്കുളം പാടത്തിനു സമീപമുള്ള ചാൽ സ്റ്റേഡിയം നിർമ്മാണത്തിന്റെ പേരിൽ കിറ്റ്‌കോയുടെ കരാറുകാർ നികത്തിയെന്ന് ആരോപിച്ച് നഗരസഭാ ചെയർമാൻ കെ.ഷിബു രാജനാണ് സെക്രട്ടറി ജി.ഷെറിയ്ക്ക് പരാതി നൽകിയത്. കിറ്റോക് അധികൃതരെ നഗരസഭാ സെക്രട്ടറി വിവരം അറിയിച്ചതിനെ തുടർന്നാണ് നടപടി.നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് വിട്ടു നൽകിയതു കൂടാതെ സമീപത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലവും,ചാലും നികത്തിയെന്നു പരാതിയിൽ പറയുന്നു.നികത്തിയ ചാലിലെ മണ്ണ് തിരിച്ചെടുക്കണം.ഇതു കാരണം ചെറിയ മഴ പെയ്യുമ്പോൾ തന്നെ സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതായും സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റി പോവുകയും ചെയ്തിരുന്നു. അനധികൃതമായി ചാലും,സ്വകാര്യ വ്യക്തികളുടെ വസ്തുവും നികത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഷിബു രാജൻ നൽകിയ പരാതിയിൽ പറയുന്നു.ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ചാലിൽ നിക്ഷേപിച്ചിരുന്ന ഭാഗത്തെ മണ്ണ് തിരിച്ചെടുത്ത് സ്റ്റേഡിയം നിർമ്മാണം നടത്തുന്ന ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്.ചാലിൽ മണ്ണിട്ട് മൂടിയ ഭാഗത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തിട്ടില്ല. അടിയന്തരമായി മണ്ണ് പൂർണമായും നീക്കം ചെയ്യാത്ത പക്ഷം പരാതിയുമായി മുന്നോട്ടു പോകുമെന്നും ചെയർമാൻ കെ.ഷിബു രാജൻ പറഞ്ഞു.