14-sivadasan-nair

കുമ്പനാട്: വീടും സമ്പാദ്യവും പ്രളയം കവർന്നെങ്കിലും കോയിപ്രം കൊല്ലംപടി പ്ലാന്തോട്ടത്തിൽ വീട്ടിൽ രമാദേവിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം.

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായരുടെ ശ്രമ ഫലമായി ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയാണ് വീട് നിർമ്മിച്ച് നല്കിയത്. പിന്തുണയുമായി കോയിപ്രത്തെ കോൺഗ്രസ് പ്രവർത്തകരുമെത്തി. ഏഴു മാസം കൊണ്ട് പൂർത്തീകരിച്ച വീട് രണ്ട് മുറിയും ഹാളും കിച്ചണും അടങ്ങിയതാണ്. താക്കോൽദാനം കെ.ശിവദാസൻ നായർ നിർവഹിച്ചു. കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, സംസ്ഥാന ഭാരവാഹികളായ ഡോ.മനോജ് ജോൺസൺ, ജി.ദിലീപ്, ബി.രമേശൻ, ജില്ലാ പ്രസിഡന്റ് ഹുസൈൻ, ജില്ലാ സെക്രട്ടറി നന്ദകുമാർ, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ സി.കെ.ശശി, ശ്യാം കുരുവിള, കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത്, നിർമ്മല മാത്യൂസ്, കെ.ആർ.പ്രസന്നകുമാർ, തോമസ് ജേക്കബ്, സുനിൽ വൈരോൺ എന്നിവർ പങ്കെടുത്തു.

പൂർണ്ണമായി തകർന്ന വീടിന് സമീപം താൽക്കാലിക ഷെഡിലാണ് രമാദേവി താമസിച്ചിരുന്നത്. കോയിപ്രം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ താൽക്കാലിക ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് രണ്ട് പെൺമക്കളുടെ വിവാഹം നടത്തി.