പത്തനംതിട്ട: മുൻസിഫ് കോടതിയുടെ ഉത്തരവ് ലംഘിച്ച് അടൂർ നഗരസഭ മൂന്നാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ കയ്യാല നശിപ്പിച്ച് റോഡ് വെട്ടിയതിന് വാർഡ് കൗൺസിലർ ആർ. സനൽ കുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. അടൂർ അമ്മകണ്ടകര രേവതിയിൽ ജറി ശശിധരന്റെ പരാതിയെ തുടർന്നാണ് കേസ്. വസ്തുവിൽ അതിക്രമിച്ച് കയറുകയോ, നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്യരുതെന്ന് അടൂർ മുൻസിഫ് കോടതി 2014 ഒക്ടോബർ 29 ന് വിധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ജറി ശശിധരന്റെ വസ്തുവിന്റെ കിഴക്കുഭാഗത്തെ ഇടവഴി വീതി കൂട്ടുന്നതിനായി 8 മീറ്റർ നീളത്തിലുള്ള കയ്യാല ഇടിച്ചത് . തുടർന്ന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.