ചെങ്ങന്നൂർ: അങ്ങാടിക്കൽ പുത്തൻകാവ് ശാലേംനഗർ കുറ്റിയ്ക്കാട്ട് തൈക്കൂട്ടത്തിൽ അഡ്വ.ഏബ്രഹാം വർഗീസി (65) നെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെകൂടി പ്രതി പട്ടികയിൽ ചേർക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എം.സുധിലാൽ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറി. ചെങ്ങന്നൂർ അങ്ങാടിക്കൽ തട്ടേൽ ബംഗ്ളാവിൽ നിതിൻ (25), കുന്നുംപുറത്ത് അലൻ (33), മുളക്കുഴ പിരളശ്ശേരി സരോജനിവാസിൽ അരവിന്ദ് (28) എന്നിവരെയാണ് പ്രതി പട്ടികയിൽ കൂടുതലായി ചേർക്കുക.
കേസിലെ ഒന്നാം പ്രതി അങ്ങാടിക്കൽ പുത്തൻകാവ് പൗവ്വത്തിൽ എ. അരവിന്ദ(36)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഒന്നാംപ്രതി അരവിന്ദ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെത്തി അങ്ങാടിക്കൽ ഭാഗത്ത് വാഹനാപകടത്തിൽപ്പെട്ട ഒരാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു എന്നറിയിച്ചിരുന്നു. ആദ്യം
പൊലീസും ഈ വിവരം വിശ്വസിച്ചു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലും ദേഹ പരിശോധനയിലുമാണ് സംഭവത്തിന്റെ ദുരൂഹത തെളിഞ്ഞത്.
ഒരു പ്രതി മാത്രമാണ് കേസിൽ ഉൾപ്പെട്ടത് എന്ന നിലപാടിലായിരുന്നു തുടക്കത്തിൽ പൊലീസ്. സി.സി ടിവി ദൃശ്യങ്ങളിൽ കൂടുതൽ പ്രതികളുണ്ട് എന്നു ചൂണ്ടിക്കാട്ടി സ്ഥലവാസിയായ ഒരാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കൂടുതൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

ഡിവൈ.എസ്.പിയ്ക്കും സി.ഐയ്ക്കും സ്ഥലം മാറ്റം

ചെങ്ങന്നൂർ: അഭിഭാഷകൻ കൊലചെയ്യപ്പെട്ട കേസിന്റെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായതിന് ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര, ചെങ്ങന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എം. സുധിലാൽ എന്നിവരെ സ്ഥലം മാറ്റി. കേസിന്റെ തുടക്കത്തിൽ ഒരു പ്രതി മാത്രമേ ഉള്ളൂ എന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ ഹൈക്കോടതിയുടെ ഇടപെടലോടെ കേസിൽ മറ്റു മൂന്ന് പ്രതികൾക്ക് കൂടി പങ്കുള്ളതായി തെളിഞ്ഞു. കോടതി ഇടപെട്ടതോടെ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങി. സി.സി ടി.വി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചു.