1

പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിൽ പശുക്കളിൽ ചർമ്മമുഴരോഗം വ്യാപിക്കുന്നു. ശരിയായ ചികിത്സയില്ലാത്തതിനാൽ

ക്ഷീരകർഷകർ കടുത്ത ആശങ്കയിലാണ്. രോഗം പടർന്നുപിടിക്കുമ്പോഴും മൃഗസംരക്ഷണവകുപ്പ് ഇടപെടാത്തതും ചികിത്സ ഒരുക്കാത്തതും വ്യാപകമായ പരാതിക്ക് ഇടയാകുന്നുണ്ട്. അതേസമയം ജില്ലയുടെ പലഭാഗത്തും പശുക്കളിൽ രോഗം കാണുന്നുണ്ടന്നും ക്ഷീരകർഷകർ ജാഗ്രതപാലിക്കണമെന്നും മിൽമാ സർക്കുലർ പുറപ്പെടുവിച്ചു.

പള്ളിക്കൽ,തെങ്ങമം തോട്ടംമുക്ക്, ചെറുകുന്നം, ഇംപള്ളിൽ, കൈതക്കൽ,തോട്ടുവാ പ്രദേശങ്ങളിൽ നൂറിലധികം പശുക്കളിൽ രോഗബാധ കണ്ടെത്തി. പശുവിന്റെ ശരീരത്തിൽ ഉണ്ടാകുന്ന മുഴകൾ പഴുത്ത് വ്രണങ്ങളാകുകയാണ്. പള്ളിക്കൽ മൃഗാശുപത്രിയിൽ വിവരമറിയിച്ചിട്ടും ഡോക്ടർ എത്തുന്നില്ലെന്ന പരാതിയുണ്ട്.

100ൽ അധികം പശുക്കളിൽ രോഗബാധ

ചർമ്മ മുഴ

കാപ്രിപോക്സ് വിഭാഗത്തിൽപ്പെടുന്ന ലംപി സ്കിൻ ഡീസീസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് ചർമ്മമുഴ. പശുക്കളിലും എരുമകളിലും കാണുന്ന രോഗം മനുഷ്യരെ ബാധിക്കില്ല.ചെള്ളും ഇൗച്ചകളുമാണ് രോഗം പരത്തുന്നത്. രോഗബാധയുള്ള പശുക്കളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും തള്ളപശുവിന്റെ പാൽകുടിക്കുക വഴി കുഞ്ഞുങ്ങളിലേക്കും രോഗം വ്യാപിക്കാം.

ഫലപ്രദമായ ചികിത്സയില്ല

രോഗം വന്നാൽ ഫലപ്രദമായ ചികിത്സലഭ്യമല്ല. വരാതെ നോക്കുകയും പ്രതിരോധ കുത്തിവയ്പ്പെടുക്കുകയുമാണ് മാർഗം. രോഗം പടർന്നുപിടിക്കുമ്പോഴും ശരിയായ ചികിത്സയില്ലാത്തതിൽ ആശങ്കയിലാണ് ക്ഷീരകർഷകർ. മുഴകൾ വ്രണങ്ങളായി മാറിയാൽ ബാക്ടീരിയൽ അണുബാധമൂലം ന്യൂമോണിയ സാദ്ധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങൾ

ശരീരചർമ്മത്തിൽ 1.5 സെ.മീ വ്യാസത്തിൽ വൃത്താകൃതിയിൽ മുഴ തടിപ്പ്, മൂക്കിൽ നിന്നും കണ്ണിൽ നിന്നുമുള്ള നീരൊലിപ്പ്, പനി, കഴലവീക്കം, പാൽ കുറവ് ,വിശപ്പില്ലായ്മ, കൈകാലുകൾ, കീഴ്ത്താടി, വയറിന്റെ കീഴ്ഭാഗം, വൃഷണം എന്നിവിടങ്ങളിൽ നീർക്കെട്ട് , വായിലും മൂക്കിലും വ്രണങ്ങൾ.

പ്രതിരോധ മാർഗങ്ങൾ

1.രോഗം പടർത്തുന്ന ഇൗച്ചകളും കൊതുകുകളും തൊഴുത്തിലെ ചുവരുകളിൽ ഇരിക്കാതിരിക്കാൻ കീടനാശിനികൾ ഉപയോഗിക്കുക.

2.കൊതുകുകളെയും ഈച്ചകളെയും അകറ്റി നിറുത്തുന്ന ലേപനങ്ങൾ മൃഗങ്ങളുടെ ശരീരത്തിൽ പുരട്ടുക.

3. രോഗബാധയുള്ള പശുക്കളെ മാറ്റിപാർപ്പിക്കുക. തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് ( ഫിനോൾ 2%,ഫോർമോലിൻ 1%) വൃത്തിയാക്കുക. കൂടാതെ അയഡിൻലായനികൾ, ബ്ലീച്ചിംഗ് പൗഡറുകൾ എന്നിവയും ഉപയോഗിക്കുക.

പള്ളിക്കലിൽ രോഗം പകരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രോഗം വന്ന ഒരു പശുവിന്റെ സാമ്പിൾ ശേഖരിച്ച് രോഗം സ്ഥിരീകരിച്ചതിനുശേഷം മറ്റ് പശുക്കൾക്ക് പ്രതിരോധ വാക്സിൻ എടുക്കുന്നതാണ്. നേരത്തെ തിരുവല്ലയിൽ ഈ രോഗം പടർന്നിരുന്നു. അവിടെ നാലായിരത്തോളം പശുക്കളിൽ പ്രതിരോധകുത്തിവയ്പ്പെടുത്തു നേരിട്ടതാണ്.

ഡോ.തോമസ് എബ്രഹാം,

ജില്ലാമൃഗ സംരക്ഷണഒാഫീസർ