പത്തനംതിട്ട : ഇളവുകൾ പ്രഖ്യാപിച്ചതോടെ ബസ് സ്റ്റാൻഡുകളിലും റോഡിലും പതിവ് പോലെ തിരക്കായി. കൊവിഡ് കേസുകൾ പതിന്മടങ്ങ് വർദ്ധിക്കുകയാണെങ്കിലും ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന ഭാവത്തിലാണ് പലരുടെയും നടപ്പ്. സാമൂഹ്യ അകലം പാലിക്കാതെ കടകളിലും വ്യാപാര സ്ഥലങ്ങളിലും തിക്കിത്തിരക്കുകയാണ്.

മാസ്ക് പലരും താടിയിലാണ് വയ്ക്കുന്നത്. മാസ്ക് നേരെ വച്ച് വന്നാൽ പോലും വർത്തമാനം പറയാൻ തുടങ്ങുമ്പോൾ മാസ്ക് മാറ്റും.

ബസ് സ്റ്റാൻഡുകളിലും കൂട്ടമായി ആളുകൾ ബസ് കാത്തു നിൽക്കുന്നുണ്ടാകും. സാമൂഹ്യ അകലമൊന്നും അവർക്ക് ബാധകമേയല്ല. കൊവിഡിനെ തുരത്താൻ ആദ്യം നടപ്പാക്കിയിരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ വാക്കുകളിൽ മാത്രമേയുള്ളുവെന്ന് ചുരുക്കം. ഇത് അധികൃതരുടെ അനാസ്ഥയെന്ന് കുറ്റപ്പെടുത്താൻ കഴിയില്ല. സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് രോഗം പടരാതിരിക്കാൻ ശ്രമിക്കുകയെന്നത്. ഇതിൽ മാതൃക കാണിക്കേണ്ട നേതാക്കൻമാരും ഉൾപ്പെടുന്നുണ്ട്. പലവിധ സമരങ്ങളിലും പങ്കെടുക്കുന്ന നേതാക്കൻമാർ മാസ്ക് മാറ്റിയാണ് സഹപ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്.

ടാങ്കുകളിലും പൈപ്പിലും വെള്ളമില്ല

കൈകൾ സോപ്പുപയോഗിച്ച് കഴുകാൻ ആദ്യമൊക്കെ എല്ലാവർക്കും താൽപര്യമായിരുന്നെങ്കിലും ഇപ്പോൾ സോപ്പ് പോയിട്ട് വെറുതെ വെള്ളം ഒഴിച്ച് കഴുകാൻ പോലും ആരും മെനക്കെടുന്നില്ല. റോഡരികിലും ബസ് സ്റ്റാൻഡുകളിലും സ്ഥാപിച്ചിരുന്ന ടാങ്കിൽ വെള്ളം ഇല്ലാത്ത അവസ്ഥയാണ്. അഥവാ ഒന്ന് തുമ്മിയാൽ കൈകഴുകാൻ പൈപ്പ് തുറക്കുമ്പോൾ കാറ്റ് മാത്രമേയുള്ളു. പൊതുഗതാഗതം കൂടി വന്നതോടെ നിരത്തിൽ തിരക്കേറി തുടങ്ങി. ബസുകളിൽ വലിയ തിരക്കൊന്നും ഇല്ലെങ്കിലും രാവിലെയും വൈകിട്ടും ചെറിയ തിരക്ക് ഉണ്ടാകുന്നുണ്ട്. നിന്ന് യാത്ര ചെയ്യാൻ അനുവാദമില്ലെങ്കിലും ചില ബസുകളിൽ ഒന്നോ രണ്ടോ പേർ നിന്ന് യാത്ര ചെയ്യാറുണ്ട്.