അടൂർ : അടിക്കടി മാറികൊണ്ടിരിക്കുന്ന നഗരത്തിന്റെ മുഖച്ഛായയ്ക്ക് കൂടുതൽ മോടിപകരും വിധത്തിൽ നിർമ്മിക്കുന്ന മൂന്ന് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാത്തിരുപ്പുകേന്ദ്രത്തിന്റെ മേൽക്കൂര റോഡിലേക്ക് തള്ളി നിൽക്കുന്ന വിധത്തിലായതിനാൽ ബസുകൾ ഇതിനിടിയിലായി കയറ്റിനിറുത്താം. കനത്ത മഴത്തും യാത്രക്കാർക്ക് കുടനിവർത്താതെ സുരക്ഷിതമായി ബസിനുള്ളിൽ പ്രവേശിക്കാനും ഇറങ്ങാനും സഹായകരമാകുന്നതിനൊപ്പം കടത്തിണ്ണകളിൽ കയറി നിൽക്കേണ്ട ഗതികേടും ഒഴിവാകും. നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയ അത്യാധുനിക കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അടൂർ കെ. എസ്. ആർ. ടി. സി കോർണറിലും സെൻട്രൽ ജംഗ്ഷനിലുമായാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.ശേഷിക്കുന്ന ഒരെണ്ണം കെ. എസ്. ആർ. ടി. സി കോർണറിന്റെ എതിർഭാഗത്ത് പത്തനാപുരം, പത്തനംതിട്ട ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്ന ഇടത്ത് നിർമ്മിക്കും. നഗരത്തിലെ വലിയ തോടിന് കുറുകെ നിലവിലുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി നിർമ്മിക്കുന്ന രണ്ട് പാലങ്ങൾക്കൊപ്പം നഗരസൗന്ദര്യവൽക്കരണത്തിനായി അനുവദിച്ച ഫണ്ടിൽ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ആദ്യ കാത്തിരിപ്പു കേന്ദ്രത്തിനായി പില്ലറുകൾ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. അഞ്ച് പില്ലറുകളിലായി വിശാലമായ കാത്തിരിപ്പ് കേന്ദ്രമാണ് നിർമ്മിക്കുക. രണ്ടാമത്തേത് സെൻട്രൽ ജംഗ്ഷനിൽ തിരുഹൃദയ കത്തോലിക്കാ പള്ളിക്ക് മുന്നിൽ അടുത്ത ദിവസങ്ങളിൽ പൊളിച്ചുമാറ്റിയ കടമുറികൾ നിന്ന സ്ഥാനത്ത് ഉയരും. ഇവിടെ ഗതാഗത തടസമുണ്ടാകാത്ത വിധം നിർമ്മിക്കുന്ന ബസ്ബേയ്ക്കൊപ്പമാണ് കാത്തിരിപ്പു കേന്ദ്രവും ഉയരുക.
ഒരു കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമ്മാണ ചെലവ് - 10 ലക്ഷം.
നീളം - 24 മീറ്റർ
വീതി - 5.50 മീറ്റർ
ഉയരം - 16 അടി
യാത്രക്കാരെ പൂർണമായി ഉൾക്കൊള്ളാനും അവർക്ക് ഇരിപ്പടം ഉൾപ്പെടെയുള്ള സൗകര്യങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഉണ്ടാകും. പുറപ്പെടാൻ പോകുന്ന വാഹനം ഇതിനുള്ളിലേക്ക് കയറ്റി നിറുത്തി യാത്രക്കാരുമായി യഥാസമയം സ്റ്റാന്റ് വിടും. മഴയും വെയിലുമേൽക്കാതെ സുരക്ഷിതമായി നിൽക്കാൻ കഴിയുന്നതോടൊപ്പം സുഗമമായി ബസുകളിൽ കയറാനും സാധിക്കും.
ചിറ്റയം ഗോപകുമാർ എം.എൽ.എ