ആറൻമുള : നീർവിളാകം പോസ്റ്റൽ പിൻകോഡ് ജനങ്ങളെയേറെ ബുദ്ധിമുട്ടിക്കുന്നതായി ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.പത്തനംതിട്ട ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശമാണ് ആറന്മുള പഞ്ചായത്തിൽ ഉൾപ്പെടുന്ന നീർവിളാകം.കിടങ്ങന്നൂർ വില്ലേജ് ഓഫീസ് പരിധിക്കുള്ളിൽ ആറൻമുള പഞ്ചായത്ത് വാർഡ് 18ൽ 620ൽപ്പരം സ്ഥിരതാമസുള്ള വീടുകളുള്ള പ്രദേശമാണ്.ഇപ്പോൾ ഈ പ്രദേശത്തെ ജില്ലയിലെ തിരുവല്ല പോസ്റ്റൽ ഡിവിഷന് കീഴിൽ ചെങ്ങന്നൂർ ഹെഡ് ഓഫീസിന്റെ പരിധിയിൽ 689122 എന്ന കോഡ് സഹിതം ആലപ്പുഴ ജില്ലയിലെ പുത്തൻകാവ് സബ് ഓഫീസിന്റെ കീഴിൽ നിലനിറുത്തിയിരിക്കുന്നതിനാൽ വിവിധ ഓൺലൈൻ രജിസ്‌ട്രേഷനുകൾ,പരീക്ഷകൾ സംബന്ധിച്ചുള്ള രജിസ്‌ട്രേഷനുകൾ, പി.എസ്.സി ഓൺലൈൻ രജിസ്‌ട്രേഷനും മറ്റും സർക്കാർ കാര്യങ്ങൾക്കും വളരെയേറെ ബുദ്ധിമുട്ടുകളാണ് ജനങ്ങൾ അനുഭവിക്കുന്നത്. ഓൺലൈൻ അപേക്ഷകൾ ചെയ്യുമ്പോൾ സ്വാഭാവികമായി ആലപ്പുഴ ജില്ലയിലെ അപേക്ഷളോടൊപ്പം ചേർന്നുപോകുന്ന സ്ഥിതിയാണ്.തിരുവല്ല ഡിവിഷന് കീഴിയിൽ ചെങ്ങന്നൂർ ഹെഡ് ഓഫീസിന് പരിധിയിൽതന്നെയുള്ള ജില്ലയിലെ ഇടയാറന്മുള സബ് ഓഫീസിന് കീഴിയിൽ 689532 എന്ന പോസ്റ്റൽ കോഡ് പ്രദേശത്തേക്ക് നീർവിളാകത്തെ മാറ്റി പ്രശ്‌നം പരിഹരിക്കുവാൻ സാധിക്കുന്നതാണ് ബി.ജെ.പി അഭിപ്രായപ്പെട്ടു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി.ബി.ജെ.പി ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് വി.സുരേഷ് കുമാർ,വാർഡ് മെമ്പർ വസന്ത് കുമാർ,ജില്ലാ കമ്മിറ്റി അംഗം ടി.സി.രവികുമാർ,വാർഡ് സെക്രട്ടറി ഗോപൻ,യുവമോർച്ച ജില്ലാ ട്രഷറർ ഹരി നീർവിളാകം തുടങ്ങിയവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.