പത്തനംതിട്ട : ജില്ലയിൽ ഇന്നലെ രണ്ടു പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ദുബായിയിൽ നിന്ന് ഒന്നിന് എത്തിയ വളളിക്കോട് കൈപ്പട്ടൂർ സ്വദേശിനിയായ 31 വയസുകാരിയ്ക്കും അഞ്ചിന് എത്തിയ അടൂർ പളളിക്കൽ സ്വദേശിനിയായ 26 വയസുകാരിയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലും ഉണ്ട്.
91 പേർ ജില്ലയിൽ രോഗികളായിട്ടുണ്ട്. ഇതിൽ 86 പേർ ജില്ലയിലും, അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 41 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ അഞ്ചു പേരും ജനറൽ ആശുപത്രി അടൂരിൽ നാലു പേരും സി.എഫ്.എൽ.ടി.സി റാന്നി മേനാംതോട്ടം ആശുപത്രിയിൽ 47 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 15 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 112 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. ഇന്നലെ പുതിയതായി അഞ്ചു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 109 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.

സാമ്പിളുകൾ

ജില്ലയിൽ നിന്ന് ഇന്നലെ 228 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 10924 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.
ഇതിൽ 127 എണ്ണം പൊസിറ്റീവും 9834 എണ്ണം നെഗറ്റീവും ആണ്. 713 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വിവിധ ആശുപത്രികളിൽ നിന്ന് ഇതുവരെ ആകെ 485 സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.

മാന്നാർ സ്വദേശിനിയുടെ കാര്യത്തിൽ ആശങ്ക വേണ്ട

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം ജില്ലയിലെത്തിയ മാന്നാർ സ്വദേശിനിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരുൾപ്പെടെയുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് പൊസീറ്റിവായി കണ്ടെത്തിയിരുന്നു. പത്തനംതിട്ട ജില്ലയിലെ കുടുംബ വീട്ടിലും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലടക്കം യുവതി സന്ദർശനം നടത്തിയിരുന്നു. എട്ടു പ്രൈമറി കോൺടാക്ടുകൾ നിലവിൽ നിരീക്ഷണത്തിലാണ്. ഇക്കാര്യത്തിൽ വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എ.എൽ. ഷീജ അറിയിച്ചു.

ജില്ലയിൽ രോഗമുക്തരായവർ: 39

ചികിത്സയിലുളളവർ : 91, ആകെ രോഗബാധിതർ :131