കൊവിഡ് പ്രതിരോധത്തിന് കരുത്തേകാൻ ആൽബവുമായി മാദ്ധ്യമപ്രവർത്തകനും കുടുംബവും
പത്തനംതിട്ട :കൊവിഡ് മഹാമാരിയെ തുരത്താൻ പൊരുതുന്ന എല്ലാ പോരാളികൾക്കും ജനങ്ങൾക്കും പിന്തുണയും കരുത്തുമേകുന്ന വീഡിയോ ആൽബവുമായി മാദ്ധ്യമപ്രവർത്തകനും കുടുംബവും. സോഷ്യൽ മീഡിയയിൽ വയറലാകുന്ന 'ലോകമാകെ ഉയിരെടുത്തു,,,, എന്നു തുടങ്ങുന്ന ഗാനം നാട് ഏറ്റുചൊല്ലുകയാണ്. മാദ്ധ്യമ പ്രവർത്തകൻ സുനിൽ തങ്കമണി ഗോപിനാഥാണ് ഗാനരചന. ഇതാണെന്റെ കേരളം.., ഒരുമയുള്ള കേരളം... എന്നു തുടങ്ങുന്ന കേരളത്തിന്റെ ഐക്യം വിളിച്ചോതുന്ന വരികൾ ഇതിനോടകം തരംഗമായി. ഏതു പ്രതിസന്ധിയിലും എന്നപോലെ ഈ മഹാമാരിക്കു മുന്നിലും നമ്മുടെ രാജ്യവും കൊച്ചുകേരളവും ഒരുമയോട് പൊരുതി മാതൃകയാകുമെന്ന് ഗാനം ഓർമ്മിപ്പിക്കുന്നു. 'കാലമിതുകാലം....? 'എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിന്റെ ആവിഷ്‌ക്കാരം ബാബു ദിവാകരനാണ്. സംഗീതം പഴകുളം ആന്റണി. ഓർക്കസ്ട്ര ബോബി സാം, ആലാപനം വില്ല്യം ഐസക്, ഡോ.വർഷാപ്രഭാകർ. കാമറ രതീഷ് അടൂർ, എഡിറ്റിംഗ് അജിത് കാടാശ്ശേരി,സാങ്കേതിക സഹായം അസിൻ അജിത്, ആരോമൽ. കുടുംബ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ ആൽബത്തിൽ ഗാനരചയിതാവ് സുനിൽ തങ്കമണി ഗോപിനാഥിനൊപ്പം ഭാര്യ ശാലുസുനിൽ, മകൾ കാവ്യാ എസ്. സുനിൽ എന്നിവർ അഭിനയിക്കുന്നു. കെ.പി.എ.സി വിനോദ്, ഹരി സാഗർ, അനഘ അജിത്, അമൽദാസ്, ആദിദേവ്, ബേബി ദേവിക എന്നിവരാണ് മറ്റുഅഭിനേതാക്കൾ. ഗാനത്തിന്റെ ഓഡിയോ ജോർജ് മുരിക്കനും വീഡിയോ സുനിൽ തങ്കമണി ഗോപിനാഥുമാണ് നിർമ്മിച്ചിരിക്കുന്നത്.