ചെങ്ങന്നൂർ: ഭോപ്പാലിൽ നിന്ന് ചെങ്ങന്നൂരിലേയ്ക്ക് കൊണ്ടുവന്ന വയോധികന്റെ മൃതദേഹം നാലര മണിക്കൂർ കുമളി ചെക്ക്‌പോസ്റ്റിൽ തടഞ്ഞിട്ടു.ഭോപ്പാലിലുള്ള മകൾമേഴ്‌സിയുടെ വീട്ടിലായിരുന്ന ചെങ്ങന്നൂർ മംഗലം ചെന്നാട്ട് പടിഞ്ഞാറേതിൽ സി.എ.കൊച്ചിട്ടി (കുഞ്ഞുമോൻ(72) കഴിഞ്ഞ 10ന് രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് വീട്ടിൽ മരണമടഞ്ഞത്. കഴിഞ്ഞ 11 ന് ഉച്ചയോടെ ഇരുമ്പ് പെട്ടിയിൽ ഐസ് നിറച്ചാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവന്നത്. ഇന്നലെ രാവിലെ 8 മണിയോടെ കുമളി ചെക്ക്‌പോസ്റ്റിൽ എത്തിയ ആംബുലൻസ് കൊവിഡ് 19 ജാഗ്രതയിൽ രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ കടത്തിവിടാതെ പിടിച്ചിടുകയായിരുന്നു. കൊച്ചിട്ടിയുടെ മകൻ മുൻ കൗൺസിലർ കൂടിയായജോസ് മംഗലം നഗരസഭാ ചെയർമാൻ കെ.ഷിബു രാജനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ചെയർമാൻ ആലപ്പുഴ ജില്ലാ കളക്ടർ എം.അലക്‌സാണ്ടർ, ഡപ്യൂട്ടി ഡി.എം.ഒ.ഡോ. ദീപ്തി എന്നിവരുമായി ബന്ധപ്പെട്ടു. മൃതദേഹം അന്യസംസ്ഥാനത്തു നിന്നു കൊണ്ടുവരുന്നതിനാലും മറ്റുരേഖകൾ പരിശോധിക്കുന്നതിനുള്ള സമയ കുറവുകൊണ്ടും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാര ചടങ്ങുകൾ നടത്താമെന്ന
വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അനുമതി വാങ്ങുകയായിരുന്നു.ഇതേ തുടർന്നാണ് ഉച്ചയ്ക്ക് 12.30 ഓടെ മൃതദേഹം ചെക്ക്‌പോസ്റ്റ് കടത്തിവിട്ടത്.മൃദദേഹം പള്ളിയിലും,വീട്ടിലും പ്രവേശിപ്പിക്കാതെ വൈകിട്ട് 4 ന് പള്ളിയിലെത്തിച്ചത്.പി.പി.ഇ കിറ്റ് ധരിച്ചാണ് വികാരി റവ.എം.എസ്.ദാനിയേൽ സംസ്‌കാര ചടങ്ങുകൾ നടത്തിയത്.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ,ചെങ്ങന്നൂർ പൊലീസ്,ജില്ലാ ആശുപത്രിയിലെ ആരോഗ്യ വിഭാഗം ജീവനക്കാർ,നഗരസഭാ കൗൺസിലർമാർ,ബന്ധുക്കൾ,നാട്ടുകാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.