പത്തനംതിട്ട : വൈദ്യുതിയില്ലാത്ത വീട്ടിൽ ഓൺലൈൻ പഠനം നടത്താനാകാതെ പട്ടികജാതി കുടുംബത്തിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ അച്ചുവും സച്ചുവും. പത്തനംതിട്ട അഞ്ചക്കാല മുരുപ്പിൽ ചേത്തിയത്ത് വീട്ടിൽ പൊടിയൻ - അമ്മിണി ദമ്പതികളുടെ മക്കളാണിവർ. ഷെഡിലാണ് ഇവരുടെ താമസം. 2016ൽ വൈദ്യുതിയ്ക്ക് അപേക്ഷ നൽകിയതാണ് അമ്മിണി. സമീപത്ത് താമസിക്കുന്ന സഹോദരിയുടെ വസ്തുവിൽ കൂടി ലൈൻ വലിക്കാൻ സമ്മതിക്കാത്തതിനാൽ വൈദ്യുതി നൽകാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞില്ല. ഇൗ കുടുംബം താമസിക്കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി കോടതിയിൽ കേസുമുണ്ട്. വൈദ്യുതി ലഭ്യമാക്കിയാൽ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ലഭ്യമാക്കാൻ സാധിക്കും.
അച്ചുവും സച്ചുവും പറയുന്നതിങ്ങനെ
അമ്മയ്ക്ക് ഹൃദയ സംബന്ധമായ രോഗമുണ്ട്. അച്ഛനും വയ്യാത്തതിനാൽ പണികളൊന്നും ചെയ്യാൻകഴിയില്ല. ചെറിയ ജോലിയ്ക്ക് പോയി കിട്ടുന്നതുകൊണ്ടാണ് ജീവിക്കുന്നത്. നാട്ടുകാരാണ് സഹായിക്കുക. റേഷൻ കടയിൽ നിന്നുള്ള ഒരു ലിറ്റർ മണ്ണെണ്ണ കൊണ്ടാണ് രാത്രിയിൽ വിളക്ക് കത്തിയ്ക്കുന്നത്. 2016ൽ പത്തനംതിട്ട സെക്ഷനിൽ അപേക്ഷ നൽകിയിരുന്നു. വൈകുന്നകാരണം അന്വേഷിച്ചപ്പോൾ ആണ് ജില്ലാകളക്ടറുടെ ഉത്തരവ് കൊണ്ടുവരണമെന്ന് അറിയുന്നത്. കളക്ടറിന് പരാതി നൽകിയപ്പോൾ എ.ഡി.എമ്മിന്റെ അടുത്തേക്ക് മാറ്രി. ഇനിയും എ.ഡി.എം അനുമതി നൽകിയാലെ വൈദ്യുതി ലഭിക്കു. ഇതുവരെ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തില്ല.
വസ്തുവിലൂടെ ലൈൻ വലിക്കാൻ സമ്മതിക്കാതെ ബന്ധു
എ.ഡി.എമ്മിന്റെ അനുമതി വേണമെന്ന് കെ.എസ്.ഇ.ബി,
ഒാണർഷിപ്പ് സർട്ടിഫിക്കറ്റ് വേണമെന്ന് എ.ഡി.എം
"എ.ഡി.എമ്മിന്റെ അനുമതിയുണ്ടെങ്കിൽ വൈദ്യുതി നൽകാം. നാളെ ഹിയറിംഗ് വച്ചിട്ടുണ്ട്. അത് കഴിഞ്ഞ് അറിയാം. സ്ഥലത്തെ ചൊല്ലിയുള്ള തർക്കമുണ്ട്. അതാണ് പ്രശ്നം. "
കെ.എസ്.ഇ.ബി അധികൃതർ
" തർക്കം നിലനിൽക്കുന്ന സ്ഥലമാണിത്. നാളെ ഹിയറിംഗ് ഉണ്ട്. അമ്മിണിയോട് മുനിസിപ്പാലിറ്റിയിൽ നിന്ന് ഒാണർഷിപ്പ് സർട്ടിഫിക്കറ്റ് വാങ്ങി വരാൻ നിർദേശിച്ചിട്ടുണ്ട്. ഓണർഷിപ്പില്ലാതെ വൈദ്യുതി നൽകാൻ കഴിയില്ല. സർട്ടിഫിക്കറ്റ് കൊണ്ടുവന്നാൽ വൈദ്യുതി നൽകാനുള്ള നടപടികൾ ആരംഭിക്കും. "
എ.ഡി.എം
" വല്യമ്മ ചക്കിയുടെ അഞ്ച് സെന്റ് സ്ഥലമായിരുന്നു ഇത്. 2015 ഏപ്രിൽ 9ന് ഞങ്ങൾ സഹോദരങ്ങൾ എല്ലാം കൂടി അമ്മിണിയ്ക്ക് ഇത് രേഖാമൂലം രജിസ്റ്റർ ചെയ്ത് നൽകിയതാണ്. "
സുരേഷ്
(അമ്മിണിയുടെ സഹോദരൻ)