തിരുവല്ല: മേൽക്കൂര ചോർന്നൊലിച്ച് ഭിത്തി വിണ്ടുകീറിയ വീട്ടിൽ ഭീതിയോടെ കഴിയുന്നത് വൃദ്ധയും പിഞ്ചുകുഞ്ഞും ഉൾപ്പെടെ ആറുപേർ.കുറ്റൂർ പഞ്ചായത്ത് നാലാം വാർഡിൽ കൈയാലക്കകത്ത് ലക്ഷംവീട് കോളനിയിലെ സോമനും കുടുംബവുമാണ് മറ്റ് മാർഗങ്ങളില്ലാതെ ദുരിതത്തിൽ കഴിയുന്നത്.സോമനും ഭാര്യയും മകനും മരുമകളും മൂന്നു വയസുള്ള ചെറുമകളും 74വയസുള്ള മാതാവ് കുഞ്ഞമ്മയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.കുടുംബവസ്തുവായ നാലുസെന്റിൽ രണ്ട് സെന്റ് മാത്രമാണ് സോമന് കൈവശമുള്ളത്.20വർഷം മുമ്പ് പുളിക്കീഴ് ബ്ലോക്കിൽ നിന്നും ലഭിച്ച 35000രൂപ ചെലവഴിച്ചു നിർമ്മിച്ച ചെറിയ വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്.ഒരു മുറിയും ഹാളും ചായ്പ്പും മാത്രമുള്ള വീടിന്റെ തറയും ഭിത്തിയുടെ പലഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്.മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ പടുതായിട്ടു മറച്ചിരിക്കുകയാണ്.കഴിഞ്ഞ പ്രളയകാലത്തും ഈവീട്ടിൽ വെള്ളം കയറിയിരുന്നു. മഴയെന്നു കേൾക്കുമ്പോൾ പോലും ഇവർക്ക് പേടിയാണ്.താമസിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ ഇവിടെ തന്നെ കഴിഞ്ഞുകൂടുകയാണ്.വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണി ചെയ്താണ് സോമനും മകനും കുടുംബം പോറ്റുന്നത്.മൂന്നുവർഷം മുമ്പ് അപേക്ഷ നൽകിയെങ്കിലും ലൈഫ് മിഷൻ പദ്ധതിയിലും ഇവരുടെ സ്വപ്നം സഫലമായില്ല.വീടിനായി പഞ്ചായത്തിലും ജില്ലാ കളക്ടർക്കുമെല്ലാം നിവേദനം നൽകിയിട്ടും ഇതുവരെയും പരിഹാരമായിട്ടില്ല.