police-station
പുളിക്കീഴ് പോലീസ് സ്റ്റേഷന്‍

തിരുവല്ല: പൊലീസാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, മഴയെന്നു കേട്ടാൽ പോലും പേടിയാ. പുളിക്കീഴ് സ്റ്റേഷനിലെ പൊലീസുകാരുടെ കാര്യമാ പറഞ്ഞുവരുന്നത്. കാറ്റൊന്നടിച്ചാലോ ചാറ്റൽ മഴപെയ്താലോ രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെടെ 34 ഉദ്യോഗസ്ഥരാണ് മരണഭയത്തോടെ ഇവിടുത്തെ ബലക്ഷയമുള്ള കെട്ടിടത്തിൽ കഴിച്ചുകൂട്ടുന്നത്. മാനത്ത് കാറുകൊണ്ടാൽ ഫയലുകളും കമ്പൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള നെട്ടോട്ടത്തിലാകും ഇവിടുത്തെ ഉദ്യോഗസ്ഥർ.ട്രാവൻകൂർ ഷഗേഴ്‌സ് ആൻഡ് കെമിക്കൽസിന്റെ കെട്ടിടം 1986ലാണ് പുളിക്കീഴ് പോലീസ് സ്റ്റേഷന് വേണ്ടി വാടകയ്‌ക്കെടുത്തത്. ഇവിടെ സ്‌റ്റേഷന്റെ പ്രവർത്തനം തുടങ്ങിയിട്ട് 34 വർഷമായിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.കാലപ്പഴക്കത്താൽ തകർന്ന മേൽക്കൂരയും വിണ്ടുകീറിയ ഭിത്തികളുമുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടം വരാനൊരുങ്ങുന്ന പ്രളയത്തെ അതിജീവിക്കമോയെന്ന ആശങ്കയിലാണ് ഇവിടുത്തെ പൊലീസുകാർ.തകർന്ന മേൽക്കൂര ടാർപാളിൻ കൊണ്ടുമൂടിയ നിലയിലാണ്. കാലപ്പഴക്കംകൊണ്ട് ജീർണതയുടെ വക്കിൽ നിൽക്കുന്ന സ്റ്റേഷൻ ഏത് സമയത്തും നിലപൊത്താവുന്ന അവസ്ഥയാണ്.2018ലെ പ്രളയത്തിൽ രണ്ടാഴ്ചയിലേറെ സ്റ്റേഷൻ കെട്ടിടം വെള്ളത്തിൽ മുങ്ങിയിരുന്നു.ഇതേതുടർന്ന് കെട്ടിടത്തിന് കാര്യമായ ബലക്ഷയം ഉണ്ടാവുകയും ചെയ്തു.കെട്ടിടത്തിന്റെ ഭിത്തികൾ വീണ്ടുകീറിയും മേൽക്കൂര ചിതലെടുത്ത് ദ്രവിച്ചിരിക്കുകയുമാണ്.ബാത്ത്‌റൂമിന്റെ സ്ഥിതിയും ഏറെ ശോചനീയമാണ്. ഇതിനിടെയാണ് പ്രതികളെയും താമസിപ്പിക്കേണ്ടത്.


ലോക്ക്ഡൗണിൽ കുരുങ്ങി ഫയൽ

പുതിയ സ്‌റ്റേഷൻ കെട്ടിടം നിർമ്മിക്കാനായി ആലുന്തുരുത്തി കീച്ചേരിവാൽക്കടവിന് സമീപം 75 സെന്റ് സ്ഥലം അനുവദിക്കുകയും ആഭ്യന്തര വകുപ്പ് 30ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്തിരുന്നു.നിർമ്മിക്കേണ്ട കെട്ടിടത്തിന്റെ സ്‌കെച്ച് തയാറാക്കാനുള്ള ഫയൽ ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് വകുപ്പ് നിർമ്മാണ വിഭാഗത്തിന് മൂന്നുമാസം മുമ്പ് കൈമാറി.എന്നാൽ തുടർ നടപടികൾ ലോക്ക് ഡൗണിൽ കുരുങ്ങിക്കിടക്കുകയാണ്
(ടി.രാജപ്പൻ,
ഡിവൈ.എസ്.പി
തിരുവല്ല)​

-വനിതാ പൊലീസ് ഉൾപ്പെടെ 34 പൊലീസ് ഉദ്യോഗസ്ഥർ

-കെട്ടിടം 1986ൽ വാടകക്കെടുത്തത്

-34 വർഷമായി അറ്രകുറ്റപ്പണ നടത്തിയിട്ടില്ല

-പ്രളയത്തിൽ കെട്ടിടം മുങ്ങിയിരുന്നു