കടമ്പനാട് : പഞ്ചായത്തിലെ ഒൻപതാംവാർഡ് കല്ലുവെട്ടി ലക്ഷം വീട് കോളനിയിലെ 21കുടുംബങ്ങളുടെ "അടച്ചുറപ്പുള്ള ചോർച്ചയില്ലാത്ത വീട് " എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. ജീർണ്ണാവസ്ഥയിൽ ഇടിഞ്ഞു വീഴാറായ വീടുകളായിരുന്നു കോളനിയിലുണ്ടായിരുന്നത്. കഴിഞ്ഞ പ്രളയ സമയത്ത് ഇരുപത്തൊന്ന് കുടുംബങ്ങളും പഞ്ചായത്തിലെത്തി പ്രസിഡന്റ് എ.ആർ.അജീഷ് കുമാറിനെ കണ്ട് ദുരിതങ്ങൾ അറിയിച്ചു. കോളനിയിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വീടുകളുടെ ശോചനീയാവസ്ഥ ചിറ്റയം ഗോപകുമാർ എം.എൽ.എയെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി കോളനിയിലെ പതിന്നാല് വീടുകൾ ആദ്യഘട്ടമായി നിർമ്മിച്ചു. ശേഷിക്കുന്ന ഏഴ് വീടുകളുടെ നിർമ്മാണത്തിനായി പഞ്ചായത്തും എം.എൽ.എയും ഹൗസിംഗ് ബോർഡുമായി ബന്ധപ്പെടുകയും ബോർഡ് ഫണ്ട് അനുവദിക്കുകയും ചെയ്തു. വീട് നിർമ്മാണത്തെ കുറിച്ച് ആലോചിക്കാനായി ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. ആർ. അജീഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ബി. സതികുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എസ്.മനോജ്, സി.പി.ഐ ജില്ലാഎക്സിക്യൂട്ടീവ് അംഗം അരുൺ. കെ. എസ് മണ്ണടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സരസ്വതി അമ്മ, ജനപ്രതിനിധികളായ കെ. അനിൽ കുമാർ, മനോജ്, ഹൗസിംഗ് ബോർഡ് ചീഫ് എൻജിനിയർ ശോശാമ്മ, പഞ്ചായത്ത് സെക്രട്ടറി ശിവപ്രസാദ്, വി.ഇ.ഒ നിഷ എന്നിവർ പങ്കെടുത്തു.
നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. പാവപ്പെട്ട ജനങ്ങളുടെ ഒപ്പമാണ് ഹൗസിംഗ് ബോർഡ്.
പി. പ്രസാദ്,
ഹൗസിംഗ് ബോർഡ് ചെയർമാൻ
വീടുകളുടെ നിർമ്മാണം
ലൈഫ് മിഷനിൽ : 14
ഹൗസിംഗ് ബോർഡ് : 7
ആകെ വീടുകൾ : 21