തിരുവല്ല: ഉപദേശിക്കടവ് പാലത്തിന് സാങ്കേതികാനുമതി ലഭ്യമായതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു.പാലത്തിന് 23.73 കോടി രൂപയ്ക്കാണ് സർക്കാരിൽ നിന്നും ഭരണാനുമതി ലഭിച്ചിട്ടുള്ളത്.കഴിഞ്ഞയാഴ്ച തിരുവല്ല പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ മാസം പകുതിയോടെ സാങ്കേതികാനുമതി നൽകുവാൻ കഴിയുമെന്ന് ചീഫ് എൻജിനിയർ എസ്.മനോമോഹൻ ഉറപ്പ് നൽകിയിരുന്നതാണ്.സാങ്കേതികാനുമതി ലഭ്യമായതിനെ തുടർന്ന് ടെണ്ടർ വിളിക്കുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി സൂപ്രണ്ടിംഗ് എൻജിനിയർ പി.ആർ. മഞ്ജുഷ അറിയിച്ചു.ജൂൺ മാസത്തിൽ തന്നെ ടെണ്ടർ വിളിക്കുവാൻ കഴിയും.പാലം യാഥാർത്ഥ്യമാകുന്നതോടെ,ആലപ്പുഴ ജില്ലയിലെ മാന്നാർ പഞ്ചായത്തിൽ കടക്കാതെ ആലുംതുരുത്തിയിൽ നിന്നും നേരെ പരുമലയിലേക്ക് ഗതാഗതമാർഗം തുറന്നു കിട്ടുകയാണ്.