പഴകിയവ എത്തുമ്പോൾ പരിശോധനകളും കുറഞ്ഞു
പത്തനംതിട്ട : ട്രോളിംഗ് ആയതോടെ ജില്ലയിൽ മത്സ്യങ്ങൾക്ക് കൊള്ളവിലയാണ്. അമിതവില ഇൗടാക്കുമ്പോഴും പഴകിയ മീനും വിപണിയിലുണ്ട്. തമിഴ്നാട്ടിലെ ഹാർബറുകളിൽ നിന്നാണ് പഴകിയ മത്സ്യങ്ങൾ എത്തുന്നത്. അതേസമയം ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതോടെ ചീഞ്ഞ മത്സ്യങ്ങൾ പുറത്ത് നിന്ന് എത്തുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മത്തിയ്ക്ക് പോലും വില 180ന് മുകളിലായി. അയലയ്ക്കും ചാളയ്ക്കും ലോക്ക് ഡൗണിൽ നിശ്ചയിച്ചതിനേക്കാൾ വില വർദ്ധിക്കുകയാണ്.
ലോക്ക് ഡൗൺ കാലയളവിൽ ജില്ലയിൽ മാത്രം രണ്ട് ടണ്ണിലധികം ചീഞ്ഞ മത്സ്യങ്ങൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. ഓപ്പറേഷൻ സാഗരറാണിയുടെ പരിശോധനകൾ ചന്തകളിൽ മാത്രമായി ഒതുങ്ങിയിട്ടുണ്ട്. വലിയ രീതിയിലുള്ള പരിശോധനകൾ ഇപ്പോൾ നടക്കുന്നില്ല. ഇരുന്നൂറിലധികം പരിശോധനകൾ ഓപ്പറേഷൻ സാഗരറാണിയുടെ ഭാഗമായി നടന്നിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിറ്റതിന് ഉടമകൾക്ക് നോട്ടീസും പിഴയും നൽകിയിട്ടുണ്ട്. മേയിൽ മത്സ്യസ്റ്റാളുകളിൽ വില പ്രദർശിപ്പിക്കണമെന്ന് കളക്ടർ നിർദേശം നൽകിയിരുന്നു.
"പരിശോധനകൾ നടക്കുന്നുണ്ട്, ഓപ്പറേഷൻ സാഗരറാണിയുടെ ഭാഗമായി രണ്ട് ടണ്ണിലധികം പഴകിയ മത്സ്യങ്ങൾ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. "
ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ
ജില്ലാ ഭരണകൂടം നിശ്ചയിച്ച മത്സ്യങ്ങളുടെ വില
കിലോഗ്രാമിന്: നെയ്മീൻ ചെറുത് (നാല് കി.ഗ്രാം വരെ) : 780, നെയ്മീൻ വലുത് (നാല് കി.ഗ്രാമിന് മുകളിൽ) : 900, ചൂര വലുത് (750 ഗ്രാമിന് മുകളിൽ) : 260, ചൂര ഇടത്തരം (500750 ഗ്രാം) : 220, ചൂര ചെറുത് (500 ഗ്രാമിൽ താഴെ) : 190,കേരച്ചൂര : 250, അയല ഇടത്തരം (100200 ഗ്രാം) : 270, അയല ചെറുത് (100 ഗ്രാമിൽ താഴെ) : 160, ചാള : 210, കരിച്ചാള/കോക്കോല ചാള : 110, വട്ടമത്തി/വരൾ : 100, നത്തോലി : 90,വേളാപ്പാര : 420, വറ്റ : 360, അഴുക : 290, ചെമ്പല്ലി : 360,കോര : 190, കാരൽ : 70, പരവ : 380, ഞണ്ട് : 250, ചെമ്മീൻ നാടൻ : 600, വങ്കട വലുത് (250 ഗ്രാമിന് മുകളിൽ) :180, കിളിമീൻ വലുത് (300 ഗ്രാമിന് മുകളിൽ) : 330, കിളിമീൻ ഇടത്തരം (150 - 300 ഗ്രാം) : 210, കിളിമീൻ ചെറുത് : 150.