പത്തനംതിട്ട : മല്ലപ്പുഴശേരി പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സനെ കൊവിഡ് ലക്ഷണങ്ങളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലന്തൂർ ബ്ളോക്ക് പ്രസിഡന്റ്, മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആറ് ജീവനക്കാർ, പ്രഥമികാരോഗ്യ കേന്ദ്രം ഡോക്ടർ എന്നിവർ ആരോഗ്യ വകുപ്പിന്റെ ആവശ്യപ്രകാരം ക്വാറന്റൈനിൽ പ്രവേശിച്ചു.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവരിൽ കഴിഞ്ഞ ദിവസം നടത്തിയ സ്രവ പരിശോധനയിലാണ് സി.ഡി.എസ് ചെയർപേഴ്സന്റെ ഫലത്തിൽ ലക്ഷണങ്ങൾ സംശയിക്കുന്നത്. ഇവർക്ക് ഒരു തവണ കൂടി സ്രവ പരിശോധന നടത്തേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നൂറിലേറെ ആളുകളുമായി ഇവർക്ക് സമ്പർക്കമുണ്ടായെന്ന് അറിയുന്നു. പഞ്ചായത്ത് ഒാഫീസും ആശുപത്രിയും ഇന്ന് അണുമുക്തമാക്കും.

വാർഡിലെ ആശാ വർക്കർകൂടിയാണ് സി.ഡി.എസ് ചെയർപേഴ്സൺ. ഇന്നലെ രാവിലെ ഇലന്തൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ ആശാവർക്കർമാരെ അനുമോദിക്കുന്ന പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നു. പുന്നയ്ക്കാട് ഹെൽത്ത് സെന്ററിലാണ് പരിപാടി നടന്നത്. കൊവിഡ് കെയർ സെന്ററുകൾ വൃത്തിയാക്കാനും ഇവർ പോകാറുണ്ടായിരുന്നു. കുടുംബശ്രീ മീറ്റിംഗുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടവർ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.