തിരുവല്ല: കവിയൂരിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാലിടത്താണ് പൂട്ടുപൊളിച്ച് മോഷ്ടാക്കൾ കയറിയത്. ഒരിടത്ത് മോഷണശ്രമവും നടത്തി. ഞായറാഴ്ച രാത്രി കവിയൂർ എൻ.എസ്.എസ്. എൽ.പിസ്‌കൂളിൽ കയറിയതാണ് ഒടുവിലത്തെ സംഭവം. ഇവിടെ ഉച്ചഭക്ഷണം തയാറാക്കുന്ന മുറി കുത്തിത്തുറന്ന് സാധങ്ങൾ നശിപ്പിച്ചു. ഇവിടെ നിന്ന് വെട്ടുകത്തി കൊണ്ടുപോയി. സ്‌കൂൾ കെട്ടിടത്തിന്റെ വലതുവശത്തെ മുറിയിൽ പത്രപേപ്പർ വിരിച്ചിട്ടിരുന്നു. ഈ മുറിയുടെ പുറത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും ഉപ്പേരി പായ്ക്കറ്റും ചക്കപ്പഴത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഹൈന്ദവ സേവാസമിതിയുടെ ഞാലിയിൽ ഭഗവതി ക്ഷേത്രത്തിലാണ് ശനിയാഴ്ച കയറിയത്. ക്ഷേത്ര ദേവസ്വം ഓഫീസ് മുറിയുടെ ഗ്രീല്ല്, വാതിൽ എന്നിവയുടെ പൂട്ടുകൾ തകർത്ത് അകത്തു കടന്ന് അക്രമവും കാട്ടി. കാണിയ്ക്കവഞ്ചികൾ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അലമാരയുടെ പൂട്ട് പൊളിച്ച് സാധനങ്ങൾ വാരിവലിച്ചിട്ട് നശിപ്പിച്ചു. 10,000 രൂപയുടെ നാശനഷ്ടം കണാക്കുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. മഹാദേവ ക്ഷേത്ര അലങ്കാര ഗോപുരത്തിന് സമീപമുള്ള കടകളിലും അന്നേദിവസം കവർച്ചശ്രമം നടന്നു. വെള്ളിയാഴ്ച രാത്രി കവിയൂർ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങിയ മോഷണം ഞായറാഴ്ച രാത്രിവരെ തുടർന്നു. ഹയർസെക്കന്റി സ്‌കൂളിൽനിന്ന് 3,500 രൂപയും കാമറയുടെ ഹാർഡ് ഡിസ്‌ക്കുകളും മോഷണം പോയിരുന്നു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് തുടക്കമിട്ട കവർച്ച ക്ഷേത്രങ്ങളിലേക്ക് നീളുകയാണ്. പ്രതികളെ കണ്ടെത്താത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപം ശക്തമാണ്.