പത്തനംതിട്ട : പൊതുഗതാഗതം തുടങ്ങിയെങ്കിലും സ്വകാര്യ ബസുകൾക്കിത് കഷ്ടകാലം. സീറ്റുകളിൽ ഇരുന്ന് മാത്രമേ യാത്ര ചെയ്യാൻ സാധിക്കു. ഇടക്കാലത്ത് കൂട്ടിയെങ്കിലും ചാർജ് വീണ്ടും എട്ട് രൂപയുമാക്കി . രണ്ട് യാത്രക്കാരുമായിപ്പോലും സർവീസ് നടത്തേണ്ട ഗതികേടിലാണ് സ്വകാര്യ ബസുകൾ. ചിലത് രാവിലെയും വൈകിട്ടും മാത്രമേ സർവീസ് നടത്തുന്നുള്ളു. 368 ബസുകളാണ് ജില്ലയിൽ ആകെയുള്ളത്. ഇതിൽ 225 എണ്ണം ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ദിവസവും ആയിരത്തഞ്ഞൂറ് മുതൽ 3000 രൂപ വരെയാണ് വരുമാനം . മുമ്പ് 8000 രൂപ മുതൽ ലഭിച്ചിരുന്നു. ലോക്ക് ഡൗണിന് ശേഷം പുറത്തിറക്കിയ സ്വകാര്യ ബസുകൾക്ക് അറ്റകുറ്റപ്പണിയും ചെയ്യേണ്ടി വന്നിരുന്നു. ഡീസലടിക്കാൻ പോലുമുള്ള വരുമാനം സ്വകാര്യ ബസുകൾക്ക് ഇപ്പോൾ ലഭിക്കുന്നില്ല. ലഭിക്കുന്ന വരുമാനം അനുസരിച്ചാണ് ജീവനക്കാർക്ക് കൂലി കൊടുക്കുന്നത്. നിലവിൽ സർവീസ് നടത്തുന്ന ബസുകളിൽ അഞ്ഞൂറിനോടടുത്ത് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

-------------------

സ്വകാര്യ ബസ് സർവീസ് വലിയ നഷ്ടമാണിപ്പോൾ. ഡീസലടിച്ച ശേഷം ജീവനക്കാരുടെ കൂലിയും നൽകിക്കഴിഞ്ഞാൽ പിന്നെ ഒന്നും കാണില്ല ഉടമയ്ക്ക് നൽകാൻ. വലിയ പ്രതിസന്ധിയിലാണ് ജീവനക്കാർ.

എം.കെ അഖിൽ

(സ്വകാര്യ ബസ് ഡ്രൈവർ)