അടൂർ : നേരംകളയാനുള്ളതല്ല ഗ്ളോബൽ അടൂർ എന്ന ഫേസ്ബുക്ക് കൂട്ടായ്മ. സഹജീവികളെ സഹായിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പോസ്റ്റുകളും ചർച്ചകളുമേ ഇവിടെയുള്ളു. 2011 ലാണ് ആരംഭിച്ചത് . ഇതുവരെ നടത്തിയത് 20 ലക്ഷത്തിൽപ്പരം രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ.
ജോലിയും കൂലിയും ഭക്ഷണവുമില്ലാതെ ഗൾഫിൽ ദുരിതം അനുഭവിച്ച ഗ്രൂപ്പിലെ അംഗങ്ങളായ രണ്ടുപേരെ മുഴുവൻ ചെലവും നൽകി നാട്ടിലെത്തിച്ചതാണ് ഏറ്റവും ഒടുവിലത്തെ സേവനം.

യു. എ. യിൽ കുടുങ്ങി ദുരിതമനുഭവിച്ച കൊടുമൺ, വെള്ളകുളങ്ങര സ്വദേശികളെയാണ് 40,000 ത്തോളം രൂപ ചെലവഴിച്ച് നാട്ടിലെത്തിച്ചത്.

മൂന്നുപേരേക്കൂടി നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.

32,000 ത്തിൽപ്പരം അംഗങ്ങളുണ്ട്. കൊവിഡിനെതിരെയും ഇവർ രംഗത്തുണ്ട്. വാട്സ് ആപ്പ് ഹൽപ്പ് ഡെസ്ക്ക് രൂപീകരിച്ചാണ് പ്രവർത്തനം. രോഗബാധിതരായ ഗ്രൂപ്പ് അംഗങ്ങൾക്ക് ചികിത്സാ സൗകര്യം, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അതാത് നാടുകളിലുള്ള ഗ്രൂപ്പ് അംഗങ്ങൾ സജീവമായി രംഗത്തിറങ്ങിയതോടെയാണ് രണ്ടുപേർ നാട്ടിലെത്തിയതും മൂന്നുപേരെ എത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലെത്തിയതും. നിർദ്ധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി നടത്തിയ ടി. വി ചലഞ്ചിൽ ടി വി യും, സ്മാർട്ട്ഫോണുകളും നരിയാപുരം സെന്റ് പോൾസ് സ്കൂളിലെയും ഐക്കാട് എ. എസ്. ആർ. വി യു. പി സ്കൂളുകളിലെയും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നൽകി. വീസ തട്ടിപ്പിനിരയായും ജോലി നഷ്ടപ്പെട്ടും ഷാർജയിൽ കുടുസുമുറിയിൽ കുടുങ്ങിയ മലയാളി യുവാക്കളെ ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇൻകാസ് എന്നീ സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തിച്ചതും ഇൗ കൂട്ടായ്മയാണ്..

----------------

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ അംഗങ്ങളും ഇതിനായി സജീവമായി രംഗത്തുണ്ട്. കൂടുതൽ പ്രവാസികളെ വരുന്ന ദിവസങ്ങളിൽ നാട്ടിലെത്തിക്കും

അടൂർ പ്രദീപ്,

വിബി വർഗീസ് .

ഗ്രൂപ്പ് അഡ്മിൻമാർ