പത്തനംതിട്ട: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം പിന്നിട്ടു. പ്രതിരോധത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃക സൃഷ്ടിച്ച പത്തനംതിട്ട, സമ്പർക്കം വഴിയുള്ള രോഗികളുടെ എണ്ണം കുറച്ചുവെന്നതാണ് പ്രധാന നേട്ടം. മാർച്ച് എട്ടു മുതൽ മേയ് ഏഴുവരെ നീണ്ടുനിന്ന ജില്ലയിലെ ആദ്യഘട്ടത്തിൽ ആറ് സമ്പർക്ക രോഗികൾ മാത്രമാണുണ്ടായിരുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച സി.ഡി.എസ് ചെയർപേഴ്സണും ആശ പ്രവർത്തകയുമായ യുവതിയ്ക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ പടർന്നത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്കാണ് ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.
--------------
ആശങ്ക വേണ്ട, കരുതൽമതി : പി.ബി.നൂഹ് (ജില്ലാ കളക്ടർ)
ജില്ലയിലെ കൊവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രങ്ങളിൽ ജൂലായ് ഒന്നിനു മുമ്പ് 1550 കിടക്കകൾ സജ്ജമാക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 30ന് മുമ്പ് 550 കിടക്കകൾ ക്രമീകരിക്കും. നിലവിൽ 350 കിടക്കകളുണ്ട്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയും അടൂർ ജനറൽ ആശുപത്രിയും കൊവിഡ് ആശുപത്രികളാക്കി കിടക്കകൾ മാറ്റിയിടും. ജില്ലയിലെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളജുകളിലേക്കും വേണ്ടിവന്നാൽ രോഗികളെ മാറ്റും. കൊവിഡ് പൊസിറ്റീവാകുന്നവർ ആവശ്യപ്പെടുമെങ്കിൽ സ്വകാര്യ മെഡിക്കൽ കോളജുകളിൽ കൂടി ചികിത്സ നടത്താൻ ക്രമീകരണം ചെയ്യുന്നതും പരിഗണനയിലാണ്. സർക്കാർ മേഖലയിൽ നിലവിൽ 10 വെന്റിലേറ്ററുകളുണ്ട് . സ്വകാര്യ മേഖലയിൽ 89 വെന്റിലേറ്ററുകൾ ലഭ്യമാകും. തിരക്കുള്ള യാത്രകൾ, സമരങ്ങൾ, യോഗങ്ങൾ എന്നിങ്ങനെയുള്ള ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം.
----------------------
പരിശോധനകളിൽ
മുന്നിൽ- ഡോ.എൽ ഷീജ (ഡി.എം.ഒ )
പാലക്കാട് കഴിഞ്ഞാൽ ഏറ്റവുമധികം പരിശോധന നടന്നത് പത്തനംതിട്ടയിലാണ്. ജില്ലയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട 60 ശതമാനം ആളുകൾക്കും പ്രത്യേക ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല . ക്വാറന്റൈൻ കാലാവധി 14 ദിവസമെന്നത് സർക്കാർ മാർഗനിർദേശമാണ്. 14 ദിവസം കഴിയുന്നവരിലും രോഗം കാണുന്നെങ്കിലും ഇവരിൽ നിന്നു പുറമേയ്ക്ക് പടരാനുള്ള സാദ്ധ്യത കുറവാണെന്നാണ് പഠനം.
ജില്ലയിൽ ഡെങ്കി, എലിപ്പനി കേസുകൾ മുൻവർഷത്തെ അപേക്ഷിച്ച് കൂടിവരുന്നുണ്ട്. ജനുവരി മുതൽ ഇന്നലെ വരെ 65 പേരിൽ ഡെങ്കി സ്ഥിരീകരിച്ചു. ഒരു മരണവുമുണ്ടായി. 40 പേരിൽ എലിപ്പനി സ്ഥിരീകരിച്ചു. ആറു മരണവുമുണ്ടായി.
------------------
ട്രൂനാറ്റ് പി.സി.ആർ ടെസ്റ്റ്
മൂന്നാഴ്ചയ്ക്കകം- ഡോ. എബി സുഷൻ (എൻ.എച്ച്.എം പ്രോഗ്രാം മാനേജർ)
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി വളപ്പിലെ പബ്ലിക് ഹെൽത്ത് ലാബിലെ ട്രൂനാറ്റ് ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യം മൂന്നാഴ്ചയ്ക്കുള്ളിൽ സജ്ജമാകും. പ്രതിദിനം 90 പരിശോധനകൾവരെ ഇവിടെ നടത്താനാകും. നിലവിൽ അടിയന്തര ഘട്ടങ്ങളിൽ കൊവിഡ് പരിശോധന ലാബിൽ നടക്കുന്നുണ്ട്. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിൽ ഇന്നലെ മുതൽ പി.സി.ആർ ടെസ്റ്റ് സംവിധാനമായി. 4500 രൂപയാണ് ഐ.സി.എം.ആർ സ്വകാര്യ ആശുപത്രികൾക്ക് അംഗീകരിച്ചു നൽകിയിരിക്കുന്നത്. നിലവിൽ സർക്കാർ മേഖലയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമമില്ല. 316 ഡോക്ടർമാരും 800 അനുബന്ധ ജീവനക്കാരുമുണ്ട്. നഴ്‌സുമാരെ അടക്കം താത്കാലികമായി നിയമിക്കാൻ നടപടിയായിട്ടുണ്ട്.
-----------------
ഇന്നലെ ആറു പേർക്ക് കൊവിഡ്
പത്തനംതിട്ട- ജില്ലയിൽ ഇന്നലെ ആറു പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മേയ് 28 ന് ഡൽഹിയിൽ നിന്നെത്തിയ മെഴുവേലി സ്വദേശിനിയായ മുപ്പതുകാരി, ജൂൺ അഞ്ചിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറ്റാർ സ്വദേശിയായ നാൽപത്തിനാലുകാരൻ ജൂൺ അഞ്ചിന് ഖത്തറിൽ നിന്നെത്തിയ പന്തളം പറന്തൽ സ്വദേശിയായ ഇരുപത്തിനാലുകാരൻ,. ജൂൺ ഒൻപതിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറ്റാർ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ, ജൂൺ 10ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ വയ്യാറ്റുപുഴ സ്വദേശിയായ നാൽപ്പത്തിയേഴുകാരൻ, ആശ പ്രവർത്തകയും മല്ലപ്പുഴശേരി സ്വദേശിനിയുമായ നാൽപ്പത്തിരണ്ടുകാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.