പന്തളം: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സുഭിക്ഷപദ്ധതി പന്തളം മേഖലയിൽ ജൂൺ 25 നകം ആരംഭിക്കാൻ അവലോകന യോഗം തീരുമാനിച്ചു. പന്തളം നഗരസഭ, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ജന പ്രതിനിധികൾ, കൃഷി ഒാഫീസർമാർ, മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് ഉദ്യോഗസ്ഥർ, പ്രാഥമിക സഹകരണ ബാങ്കുകളിലെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ചിറ്റയം ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പ്രസിഡന്റ് രേഖാ അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് റ്റി. വർഗീസ്, പെരുമ്പുളിക്കൽ രഘു, കൃഷി അസി.ഡയറക്ടർ ജാൻസി കോശി, ആത്മ ഡെപ്യൂട്ടി ഡയറക്ടർ ബിനോജ് മാമൻ എന്നിവർ പങ്കെടുത്തു. പന്തളം നഗരസഭയിൽ 200 പേർക്ക് ഗ്രോബാഗ് കൃഷി, തുമ്പമൺ പഞ്ചായത്തിൽ കിഴങ്ങുവർഗ കൃഷി, പന്തളം തെക്കേക്കര പഞ്ചായത്തിൽ നെൽകൃഷി എന്നിവ ജൂൺ 25 ന് ആരംഭിക്കും.