മലയാലപ്പുഴ: ഗവ.എൽ.പി.സ്‌കൂളിനായി പഞ്ചാത്താഫീസിന് സമീപം പുതിയ കെട്ടിടം നിർമ്മിക്കുന്നു.ഒരു കോടി 20ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന രണ്ടുനില കെട്ടിടത്തിന്റെ ഒന്നാംനിലയുടെ തേപ്പൊഴിച്ചുള്ള പണികൾ പൂർത്തിയായി.പഞ്ചായത്താഫീസിന് സമീപം പഞ്ചായത്ത് നൽകിയ സ്ഥലത്താണ് കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നത്. പഞ്ചായത്തിന്റെ വിഹിതമായ 38 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതുവരെയുള്ള പണികൾ പൂർത്തീകരിച്ചത്.ബാക്കിയുള്ള പണികൾക്കുള്ള തുക വിദ്യാഭ്യാസ വകുപ്പിൽ നിന്നും എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ പറഞ്ഞു.പുതിയ കെട്ടിടത്തിന്റെ മുൻപിലുള്ള മൈതാനം കുട്ടികൾക്ക് കളിസ്ഥലമായി ഉപയോഗിക്കാനും കഴിയും. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള പഴയ സ്‌കൂൾ കെട്ടിടം കാലപ്പഴക്കാത്താൽ ശോച്യാവസ്ഥയിലാണ്.ഇത് മുന്നിൽ കണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.പുതിയ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാവുമ്പോൾ ക്ഷേത്ര ജഗ്ഷനിലെ പഴയ സ്‌കൂൾ കെട്ടിടം പൊളിച്ച് മാറ്റി ഇവിടെ ബസ് സ്റ്റാൻഡ് നിർമ്മിക്കും.ഞായർ,വെള്ളി,ചൊവ്വ ദിവസങ്ങളിൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുണ്ടാവുന്ന ഗതാഗത കുരുക്കിന് ബസ് സ്റ്റാൻഡ് വരുന്നതോടെ പരിഹാരമാകും.