പത്തനംതിട്ട- മണിമലയാറിന്റെ തീരത്ത് പുഴയോര വന സംരക്ഷണ പദ്ധതിയും പ്രകൃതി സൗഹൃദ കായിക പരിശീലന കേന്ദ്രവും ഒരുക്കാൻ പത്തനംതിട്ട ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും. പുറമറ്റം പഞ്ചായത്തിലെ കോമളം പാലത്തോടു ചേർന്ന് പെനിയാത്ത് കടവിന് ഇരുവശവും മണിമലയാറിന് സമാന്തരവുമായി ഒന്നര കിലോ മീറ്ററോളം ദൂരത്ത് പ്രകൃതി സൗഹൃദ കായിക പരിശീലനം ആരംഭിക്കുമെന്നും ജൈവ വൈവിദ്ധ്യ ഉദ്യാനമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി പറഞ്ഞു. 'എന്റെ മണിമലയാർ' ജനകീയ സമിതി കോഓർഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി.സുബിൻ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു.
പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് സാദ്ധ്യത വിലയിരുത്തി. ആറ്റുവഞ്ചി, ഇഴിഞ്ഞിൽ, ഞാറ, പേഴ്, ഊഞ്ഞാൽവള്ളി, തുടങ്ങി കാവുകളുടേയും പുഴയോര വനങ്ങളിലേയും തനത് സസ്യങ്ങളുടെ അപൂർവ ശേഷിപ്പ് ഇവിടെയുണ്ട്
ഇരവിപേരൂർ സെന്റ്. ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അദ്ധ്യാപകൻ അനീഷ് തോമസിന്റെ നിർദിഷ്ട പദ്ധതി പ്രദേശത്തിനു സമീപമുള്ള വീട്ടിൽ താമസിച്ച് കായികപരിശീലനം നടത്തുന്ന കുട്ടികൾക്ക് ഇവിടെ യോഗ, ധ്യാനം, മെഡിറ്റേഷൻ, നാച്യുറോപ്പതി തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകാൻ കഴിയും. ആദ്യ ഘട്ടമായി പുഴ കരകവിഞ്ഞ് തീരം ഇടിയുന്നത് പരിഹരിക്കുവാൻ വിവിധയിനം മുളകൾ നട്ടുപിടിപ്പിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ഹരിത കേരളം മിഷൻ, ദാരിദ്ര്യ ലഘൂകരണം, തദ്ദേശം, കൃഷി, മേജർ ഇറിഗേഷൻ, വിദ്യാഭ്യാസം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പ്രകൃതി വിഭവങ്ങളുടെ അപൂർവ ശേഖരം കാണാൻ എത്തിയത്.
ബ്ലോക്ക് പഞ്ചായത്തംഗം ജിജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ കൃഷ്ണകുമാർ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ, പുറമറ്റം ഗ്രാമപഞ്ചായത്തംഗം സജി ചാക്കോ, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ആർ. രാജേഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഡയറക്ടർ എൻ ഹരി, കോയിപ്രം ബി ഡി ഒ വേണുഗോപാൽ, സ്‌കൂൾ ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ്, കായിക അദ്ധ്യാപകരായ അനീഷ് തോമസ്, ബിനോയി പണിക്കമുറി, പുറമറ്റം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബി പി കുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അമ്പിളി, മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ അബ്ദുൾ സലാം, പുറമറ്റം കൃഷി ഓഫീസർ ലതാമേരി എന്നിവരും കായിക താരങ്ങളും പങ്കെടുത്തു.