17-pandalam-kadavu
പന്തളം ശ്രീ ധർമശാസ്താ ക്ഷേത്രത്തിന്റെ കടവ് ജില്ലാ കളക്ടർ പി.ബി. നൂഹ് സന്ദർശിക്കുന്നു

പന്തളം : 2018 ലെ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞു പോയ പന്തളം ധർമശാസ്താ ക്ഷേത്രത്തിന്റെ കടവ് ഗാബിയൺ വാൾ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. 15 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കും. ശബരിമല തീർഥാടനത്തിനു ശേഷം ആരംഭിക്കാനിരുന്ന പണി ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തേണ്ട ഗാബിയൺ വാൾ ലോക്ക്ഡൗൺ അവസാനിച്ചതോടെ ലഭ്യമായതിനാൽ ഉടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കും.11 മീറ്റർ നീളത്തിൽ അഞ്ചു മീറ്റർ വീതിയിൽ വേഗത്തിൽ പണി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ഇപ്പോൾ പണിയാൻ ഉദേശിക്കുന്ന ഭിത്തിയോട് ചേർന്ന് മറ്റൊരു സംരക്ഷണ ഭിത്തി കൂടി നിർമ്മിച്ചാൽ കൂടുതൽ സ്ഥിരത ഉണ്ടാകും.ഇതിനായി എസ്റ്റിമേറ്റ് എടുത്ത് സർക്കാരിന്റെ പരിഗണനയ്ക്ക് അയയ്ക്കും.മൂലയിൽക്കടവിൽ 220 മീറ്റർ നീളത്തിലും 22മുതൽ 30മീറ്റർ വരെ വീതിയിലും 10000 മീറ്റർ ക്യൂബ് മണ്ണ് നീക്കം ചെയ്യും.മൂന്ന് ദിവസമായി ഇവിടെ മണ്ണെടുപ്പ് നടക്കുന്നുണ്ട്. 4000 മീറ്റർ ക്യൂബ് മണ്ണ് നീക്കം ചെയ്തു. പത്തു ദിവസത്തിനുള്ളിൽ ബാക്കിയുള്ള മണ്ണും നീക്കം ചെയ്യും. മുട്ടത്ത് കടവിൽ നിന്നും 5000 മീറ്റർ ക്യൂബ് മണ്ണാണ് നീക്കം ചെയ്യാനുള്ളത്.പമ്പ,ത്രിവേണി എന്നിവയ്ക്ക് പുറമേ മൂന്ന് നദികളിലെ 44സ്ഥലങ്ങളിൽ നിന്നും മണ്ണെടുക്കുന്നുണ്ട്.15 ദിവസത്തിനകം മണ്ണെടുപ്പ് പൂർത്തിയാക്കുമെന്നും മഴയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും കളക്ടർ പറഞ്ഞു.
മുട്ടാർ,വലിയകോയിക്കൽ പാലം എന്നീ സ്ഥലങ്ങളും കളക്ടർ സന്ദർശിച്ചു. അടൂർ തഹസീൽദാർ ബീന എസ് ഹനീഫ്,ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് കുമാർ, കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ഇ.ജി.ശശികുമാര വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ,എസ് മായദേവി,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥിപാൽ,വില്ലേജ് ഓഫീസർ ജെ.സിജു,കെ മനോജ്,വാർഡ് കൗൺസിലർ കെ.ആർ. രവി,കെ.എസ്. രവി,എസ്. അഭിലാഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു.

-15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും
-11 മീറ്റർ നീളം, അഞ്ചു മീറ്റർ വീതി

തീർഥാടകർക്കായി കുളിക്കടവ് സജീകരിക്കുന്നത് വരും വർഷങ്ങളിൽ ഏറെ പ്രയോജനപ്പെടും.

പി.ബി നൂഹ്

(ജില്ലാ കളക്ടർ)