ഇരവിപേരൂർ : പഞ്ചായത്തിന്റെ അധീനതയിൽ കോഴിമലയിലുള്ള സ്റ്റേഡിയം നവീകരിക്കുന്നതിന് ടെൻഡറായി.ആസ്തി വികസന ഫണ്ടിൽനിന്ന് വീണാ ജോർജ് എം.എൽ.എ അനുവദിച്ച 17ലക്ഷം രൂപയും പഞ്ചായത്തിന്റെ വിഹിതമായി അഞ്ചു ലക്ഷം രൂപയും ചേർത്ത് 22ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.നിലവിലുള്ള റോഡിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ഗാലറി,പവലിയൻ,ഗ്രൗണ്ടിന്റെ ലെവലിംഗ്,ഗോൾപോസ്റ്റ്, വടക്ക് തോടുമായി തിരിച്ച് ഉയരത്തിൽ ഇരുമ്പുവല സ്ഥാപിക്കൽ എന്നിവയാണ് നിലവിലുള്ള നിർമ്മാണങ്ങൾ. കൂടാതെ ഗ്രൗണ്ടിൽ പുല്ല് വച്ച് പിടിപ്പിക്കൽ,വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഒരുക്കൽ തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന കാലങ്ങളായ ആവശ്യത്തിനും പരിഹാരമാകുകയാണ്.15ലക്ഷം രൂപ ഇതിനായി പ്രളയ പുനർനിർമാണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫണ്ട് അനുവദിച്ചതും ടെൻഡറായിട്ടുണ്ട്.പഞ്ചായത്ത് തല സ്‌പോട്സ് കൗൺസിൽ സംസ്ഥാനത്ത് ആദ്യം ആരംഭിക്കുകയും ഹോസ്റ്റലിന്റെ പ്രവർത്തനം,ഫുട്‌ബോൾ,അത്ലറ്റിക്,നെറ്റ്‌ബോൾ എന്നിവയിൽ നൂറ്റി തൊണ്ണൂറോളം കുട്ടികൾക്ക് പരിശീലനവും,അതിനുള്ള അടിസ്ഥാന സൗകര്യവും നൽകിവരുന്ന ഇരവിപേരൂരിലെ സ്റ്റേഡിയം നവീകരണം പഞ്ചായത്തിലെ കായികരംഗത്തിന്റെ കുതിച്ച് ചാട്ടത്തിന് ഇടയാക്കുമെന്ന് അഡ്വ.എൻ.രാജീവ് പറഞ്ഞു.ഇപ്പോൾ ടെൻഡറായിരിക്കുന്നത് ഒന്നാംഘട്ട പ്രവർത്തനങ്ങളാണെന്നും സിന്തറ്റിക്ക് ട്രാക്ക്, സ്റ്റോർമുറി,ടോയ്ലറ്റ്,വസ്ത്രം മാറുവാനുള്ള മുറി എന്നിവയും സ്ഥിരം പരിശീലകരും അവർക്കുള്ള വേതനം,പരിശീലന സമയത്ത് ഭക്ഷണം നൽകുന്നത് ഉൾപ്പെടെ രണ്ടാംഘട്ടത്തിനുള്ള പ്രോജക്ടുകൾ തയാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അനസൂയാദേവി അറിയിച്ചു.