പത്തനംതിട്ട: മല്ലപ്പുഴശേരി സ്വദേശിനിയായ സി.ഡി.എസ് ചെയർപേഴ്സണ് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച പരിശോധന ഫലത്തിലാണ് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയത്. റാന്നി മേനാംതോട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായില്ല. 42കാരിയായ ഇവർ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകളും മറ്റ് രോഗപ്രതിരോധ സംവിധാനങ്ങളുമായി പോയിരുന്നതായി സൂചനയുണ്ട്. കൊവിഡ് പ്രതിരോധത്തിനായുള്ള വിവിധ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇവരുമായി പ്രഥമിക സമ്പർക്കത്തിലായിരുന്ന 99പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുന്നൂറിലേറെ ആളുകളുമായി സെക്കൻഡറി സമ്പർക്കമുണ്ടായതായി അറിയുന്നു.
സി.ഡി.എസ് ചെയർപേഴ്സന്റെ സഞ്ചാര പാത ആരോഗ്യ വകുപ്പ് ഇന്നലെ രാത്രി പുറത്തുവിട്ടു. ഇവരിൽ നിന്ന് രോഗ വ്യാപന സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓഫീസ് ജീവനക്കാർ ഉൾപ്പെടെ ആശങ്കയിൽ
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ സി. ഡി. എസ് ചെയര്‌പേഴ്‌സണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് ജീവനക്കാർ ഉൾപ്പെടെ ആശങ്കയിൽ. ഒരേ കെട്ടിടത്തിന്റെ രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഓഫീസുകളിൽ സ്ഥിരമായി വന്നു മറ്റു ജോലികൾ നിർവഹിച്ചിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി എല്ലാ ജീവനക്കാരും സമ്പർക്കത്തിൽ വന്നിട്ടുള്ളതാണ്. എന്നാൽ പഞ്ചായത്ത് ഓഫീസ് ഇപ്പോഴും തുറന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, മറ്റു മൂന്നോളം പഞ്ചായത്ത് ജീവനക്കാർ എന്നിവർ മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നും ബാക്കി ജീവനക്കാർ നിലവിലുള്ള ഓഫീസിൽ പ്രവർത്തിക്കണമെന്നുമാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നുള്ള നിർദ്ദേശം.