ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്തെ പല ഭാഗങ്ങളിലേയും തെരുവു വിളക്കുകൾ വൈദ്യുതി ലൈനിലെ തകരാറു കാരണം കത്താത്തതിനെതിരെ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകി.നിരന്തരം പരാതിപ്പെട്ടിട്ടും ലൈനിലെ തകരാറുകൾ പരിഹരിക്കാത്തതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ പരാതി നൽകിയത്.ചില ഭാഗത്ത് തെരുവുവിളക്കുകൾ രാത്രിയും പകലും തുടർച്ചയായി ദിവസങ്ങളോളം കത്തിക്കിടക്കുന്നുണ്ട്.പരാതിയുമായി വരുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നഗരസഭയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് കൈയൊഴിയുന്നതായും പരാതിയിൽ പറയുന്നു.പല സ്ഥലത്തേയും ഫ്യൂസുകളും ടൈമറുകളും മാസങ്ങളായി കേടാണ്.നിലവിൽ എൽ.ഇഡി ലൈറ്റുകളും ബൾബുകളുമല്ലാതെ മറ്റു ലൈറ്റുകളൊന്നും തെരുവു വിളക്കുകളായി ഉപയോഗിക്കാൻ പാടില്ലെന്നുളള സർക്കാർ നിർദ്ദശം. പ്രദേശത്ത് ഭൂരിഭാഗം തെരുവുവിളക്കുകളും എൽ.ഇഡി ലൈറ്റുകളാണ്. അമിത വോൾട്ടേജിൽ ഇത്തരത്തിലുള്ള ലൈറ്റുകൾ കേടാകുക പതിവാണ്. ട്രാൻസ്‌ഫോർമറിനോട് ചേർന്നുള്ള ഭാഗങ്ങളിൽ സ്ഥിരമായി അമിത വോൾട്ടേജിൽ തകരാറിലാകുന്നുണ്ട്.സമീപത്തെ വീടുകളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി ഉപകരണങ്ങൾ കേടായി പലർക്കും നാശനഷ്ടവുമുണ്ട്.

തെരുവു വിളക്കുകളുടെ ഇനത്തിൽ ഒന്നരലക്ഷത്തോളം

നഗരസഭ ഒരു മാസം ഒന്നരലക്ഷത്തോളം രൂപയാണ് തെരുവു വിളക്കുകളുടെ ഇനത്തിൽ വൈദ്യുതി ചാർജ്ജായി അടക്കുന്നത്.എൽ.ഇഡി ലൈറ്റുകളാകുമ്പോൾ വൈദ്യുതി ചാർജ്ജിൽ കുറവു വരേണ്ടതാണ്.പലഭാഗത്തെയും തെരുവുവിളക്കുകൾ തുടർച്ചയായി കത്തിക്കിടക്കുന്നതാണ് വൈദ്യുതി ചാർജ്ജ് വർദ്ധിക്കാനുള്ള കാരണം.

നഗരസഭാ കൗൺസിലർമാരും പൊതുജനങ്ങളും നിരന്തരം പരാതി പറഞ്ഞാലും ലൈനുകളിലെ തകരാറ് പരിഹരിച്ച് തെരുരുവിളക്കുകൾ കത്തിക്കാൻ ജീവനക്കാർ തയാറാകുന്നില്ല.വൈദ്യുതി ബോർഡിന്റെ ഉപദേശക സമിതി യോഗങ്ങളിൽ സമാന രീതിയിലുള്ള പരാതികൾ നിരന്തരമുണ്ടായിട്ടും ജീവനക്കാർ പരാതികൾ പരിഹരിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് രേഖാമൂലം പരാതി നൽകുന്നത്

കെ.ഷിബുരാജൻ

(ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ)

-ഫ്യൂസുകളും ടൈമറുകളും മാസങ്ങളായി കേട്

-ഭൂരിഭാഗം തെരുവുവിളക്കുകളും എൽ.ഇഡി ലൈറ്റുകൾ