ഇന്നലെ അന്തരിച്ച ദേശീയ വോളിബാൾ താരം ഡാനിക്കുട്ടി ഡാനിയൽ സ്മാഷിന്റെ ശക്തിയായിരുന്നു. മത്സരത്തിന് മുമ്പുള്ള പത്ത് മിനിട്ട് ട്രയൽ സമയം വോളിബാൾ ആസ്വാദകർ ഡാനിക്കുട്ടിയുടെ സ്മാഷുകൾ കണ്ടായിരുന്നു ആസ്വദിച്ചിരുന്നത്. ഓരോ പന്തുകളും വാങ്ങി ട്രയൽ അടിക്കുമ്പോൾ ബോളിന്റെ റീബൗണ്ടിംഗ് കണ്ട് കാണികൾ ആർത്തുല്ലസിക്കുമായിരുന്നു. സഹ കളിക്കാരോട് പന്തുകൾ ഉയർത്തിയിടാൻ പറഞ്ഞ് എതിർ കോർട്ടിന്റെ ഏറ്റവും മുൻഭാഗത്തുതന്നെ അടിച്ച് ഏറ്റവും ഉയർത്താൻ കേരളത്തിൽ കഴിവുള്ള താരം ഡാനിക്കുട്ടിതന്നെയായിരുന്നു. റാന്നി സെന്റ് തോമസ് കോളജിലെ കായിക അദ്ധ്യാപകനും, സംസ്ഥാന വോളിബാൾ അസോസിയേഷൻ മുൻ സെക്രട്ടറിയുമായ പ്രൊഫ. കെ.പി. ഏബ്രഹാമിന്റെ ശിക്ഷണത്തിൽ 1980-81 കാലഘട്ടത്തിൽ സംസ്ഥാന താരങ്ങളായ ജോർജ്ജ് സാമുവൽ, ചാക്കോ, തങ്കച്ചൻ, ജോമി എന്നീ താരങ്ങളുടെ പിന്തുണയോടെ കേരളത്തിൽ തിളങ്ങിയ സംഘത്തിലായിരുന്നു ഡാനിക്കുട്ടി. നല്ല പൊക്കമുള്ള താരമായിരുന്നതിനാൽ ബോളുകൾ ഉയരത്തിൽ വാങ്ങി എതിർ ടീമുകളുടെ ബ്ലോക്കിനു മുകളിലൂടെ എതിർ കോർട്ടിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. തിരുവനന്തപുരം ടൈറ്റാനിയം ടീമിൽ ചേർന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായ ഫെഡറേഷൻ കപ്പുവരെ നേടി. പതിനൊന്ന് വർഷം തുടർച്ചയായി ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് കളിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കളിക്കളത്തിൽ പിഴവുകൾ സംഭവിച്ചാൽ റഫറിയുടെ തീരുമാനം അംഗീകരിച്ച് മറ്റ് കളിക്കാർക്ക് മാതൃകയുമായിരുന്നു. ഡാനിക്കുട്ടിയുടെ സ്മാഷുകൾ മനസിൽ സൂക്ഷിക്കുന്ന വോളിബാൾ ആസ്വാദകരുടെ മനസിൽ അദ്ദേഹം എന്നും നിറഞ്ഞുനിൽക്കും.


(വോളിബാൾ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അന്താരാഷ്ട്ര റഫറിയും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പലുമാണ് ലേഖകൻ)