 
പത്തനംതിട്ട: വരയും പെയിന്റിംഗും പാട്ടും മാജിക്കും നന്നായറിയാം രാധാകൃഷ്ണന്. ഏതു നേരത്തും ഇവയിലൊന്ന് കൂടെയുണ്ടാകും. കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിലെ ആർട്ടിസ്റ്റ് കം പെയിന്റർ ഒന്നാം ഗ്രേഡ് തസ്തികയിൽ ജോലി ചെയ്യുന്ന അദ്ദേഹം കലാപ്രവർത്തനങ്ങളിൽ സജീവമാണ്. ബസുകൾക്ക് പെയിന്റടിച്ച് ഡിസൈൻ വരച്ച് ബോർഡും നമ്പരും എഴുതുന്നതാണ് ജോലി. പക്ഷേ ബ്രഷ് അവിടെ ഉപേക്ഷിക്കില്ല. വീട്ടിലേക്കും കൊണ്ടുപോകും ഇൗ അൻപത്തിയൊന്നുകാരൻ. ചിത്രരചനയിലെ വിസ്മയങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇടവേളകളിൽ സുഹൃത്തുക്കൾക്കും ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പാട്ടിന്റെ പാലാഴി തീർക്കും
കോളേജ് പഠനകാലത്ത് ചിത്രകല പഠിക്കാനുള്ള മോഹവുമായി വീടുവിട്ടിറങ്ങി. പ്രമുഖ ചിത്രകാരൻമാരെ കണ്ടു. ഒടുവിൽ ഗുരുവിനെ കണ്ടെത്തിയത് പന്തളത്ത്. ആർട്ടിസ്റ്റ് വല്ല്യത്താന്റെ ശിഷ്യനായി.
മറ്റ് ശിഷ്യൻമാരിൽ നിന്ന് വേറിട്ടൊരു കഴിവ് രാധാകൃഷ്ണനിൽ കണ്ടിട്ടാവണം, ഫീസ് നൽകാൻ പണമില്ലെന്നറിഞ്ഞിട്ടും വല്ല്യത്താൻ പത്ത് വർഷത്തോളം രാധാകൃഷ്ണനെ കൂടെക്കൂട്ടിയത്. ചിത്രകലയിൽ ഡിപ്ളോമ നേടിയ ശേഷം എഴുതിയ ടെസ്റ്റിൽ കെ.എസ്.ആർ.ടി.സിയിൽ ആർട്ടിസ്റ്റ് കം പെയിന്ററായി നിയമനം കിട്ടി. വല്ല്യത്താന് ദക്ഷിണ നൽകി ജോലിയിൽ പ്രവേശിച്ചിട്ട് 16 വർഷമായി. ജോലി ലഭിക്കുന്നതിന് മുമ്പ് കോഴഞ്ചേരിയിൽ വർണിക ഗ്രാഫിക്സ് എന്ന സ്ഥാപനം നടത്തിയിരുന്നു.
പണ്ടേ കീർത്തനങ്ങളാേടും സിനിമാ ഗാനങ്ങളോടും കമ്പമുണ്ടായിരുന്ന രാധാകൃഷ്ണൻ ഗായകനായും ശോഭിച്ചു. കാവാലം ആനന്ദക്കുട്ടനും തിരുവല്ല രവീന്ദ്രനും ദക്ഷിണ നൽകി സംഗീതം പഠിച്ചു. കോഴഞ്ചേരി ആസ്ഥാനമാക്കി കൊച്ചിൻ ഫൈൻ സ്റ്റേജ് എന്ന ഗാനമേള ട്രൂപ്പ് ഉണ്ടാക്കി. ഏഴ് വർഷത്തോളം ഗാനമേള നടത്തി. അംഗങ്ങൾ പലവഴിക്കായപ്പോൾ ട്രൂപ്പ് ഇല്ലാതായി.
നാട്ടിലും സുഹൃത്തുക്കൾക്കിടയിലും മജിഷ്യൻ കൂടിയായിരുന്നു രാധകൃഷ്ണൻ. കൈവിരലുകളുടെ വഴക്കം കുറഞ്ഞപ്പോൾ അതുപേക്ഷിച്ചു. എന്നാലും ചില പൊടിക്കൈകൾ കാട്ടും. അയിരൂരിനടുത്ത് തീയാടിക്കൽ അയന്തിക്കൽ വീട്ടിലാണ് താമസം. ഉഷാകുമാരിയാണ് ഭാര്യ.