building
തിരുവല്ല നഗരസഭാ സുവർണ്ണ ജൂബിലി കെട്ടിടത്തിലെ കൈവരിയില്ലാത്ത പടിക്കെട്ടുകൾ

തിരുവല്ല: കോണിപ്പടി കയറുമ്പോൾ കാലൊന്നു തെറ്റിയാൽ പിടിച്ചു നിൽക്കാൻ കൈവരിയില്ല, കെട്ടിടത്തിന് മുകളിൽ വെള്ളക്കെട്ടും ചോർച്ചയും, വൃത്തിഹീനമായ ശൗചാലയങ്ങൾ.നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്റിനു സമീപത്തെ നഗരസഭയുടെ സുവർണ ജൂബിലി കെട്ടിടത്തെക്കുറിച്ചാണ് വ്യാപാരികൾ പരാതി പറയുന്നത്. ഇരുനിലകളിലായി 40 കടമുറികൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെങ്കിലും 5000 മുതൽ 7000 രൂപ വരെയുള്ള തുകയാണ് കടമുറികളിൽ നിന്നും മാസം തോറും വാടകയിനത്തിൽ നഗരസഭയ്ക്ക് ലഭിക്കുന്നത്. പലവിധ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിൽ പൊതുജനങ്ങൾ ഉൾപ്പെടെ പ്രതിദിനം നൂറുകണക്കിന് ആളുകൾ വന്നുപോകുന്നുണ്ട്. ഇതിൽ പ്രായമുള്ളവരും മുതിർന്നവരുമെല്ലാം ഉൾപ്പെടെയും.ചിലർ ഇവിടെ വീണിട്ടുമുണ്ട്.

ഭയത്തോടെ ആളുകൾ, കച്ചവടത്തേയും ബാധിച്ചു

പടിക്കെട്ടിൽ കൈവരി ഇല്ലാത്തത് മൂലം ഒന്നാം നിലയിലേക്ക് കയറി ചെല്ലാൻ ആളുകൾക്ക് ഭീതിയാണ്. ഇത് കച്ചവടത്തെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നുമാണ് വ്യാപാരികൾ പറയുന്നു. മഴക്കാലം തുടങ്ങിയതോടെ കെട്ടിടത്തിന് മുന്നിൽ വെള്ളക്കെട്ടും പതിവാണ്.സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച കെട്ടിടത്തിൽ 2008ലാണ് മുകളിലത്തെ നില പണിതത്.അന്ന് മുതൽ മാറി മാറി വന്ന നഗരസഭ ചെയർമാൻമാരോടും മറ്റ് ഉദ്യോസ്ഥരോടും കൈവരി നിർമ്മിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. മുകളിൽ റൂഫിംഗ് ഇല്ലാത്തതിനാൽ കോൺക്രീറ്റിനു മുകളിൽ വെള്ളം കെട്ടിക്കിടന്ന് ചോർച്ചയും ശക്തമാണ്. ലോക്ക്ഡൗണും മറ്റും കാരണം കച്ചവടമേഖല മാന്ദ്യം നേരിടുന്നതിനൊപ്പം കെട്ടിടത്തിലെ ദുരിതങ്ങൾ കൂടിയായതോടെ വ്യാപാരികൾ ആകെ പ്രതിസന്ധിയിലാണ്.

പ്രതിസന്ധിയിലായി വ്യാപാരികൾ

-----------------------------------------------

-ഇരു നിലകളിലായി 40 കടമുറികൾ

-വാടക 5000 മുതൽ 7000 വരെ

-കെട്ടിടത്തിന് മുന്നിൽ വെള്ളക്കെട്ട്

- ആളുകൾ വീണ് പരിക്കേൽക്കുന്നതും പതിവ്

------------------------------------------------

നഗരസഭാ സുവർണ ജൂബിലി കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ തീർക്കാൻ തുക വകയിരുത്തിയിട്ടുണ്ട്.പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും.

സജികുമാർ

(മുൻസിപ്പൽ സെക്രട്ടറി, തിരുവല്ല)