പത്തനംതിട്ട : നേരവുംകാലവും പ്രശ്നമേയല്ല. ടിപ്പർ ലോറികൾ യഥേഷ്ടം റോഡിലൂടെ പായുകയാണ്. സ്കൂൾ സമയം അനുസരിച്ചായിരുന്നു മുമ്പ് ടിപ്പറിന്റെ സമയം ക്രമീകരിച്ചിരുന്നത്. രാവിലെ സ്കൂൾ സമയത്തിന് മുമ്പും അതിന് ശേഷവുമാണ് ടിപ്പർ ലോറികൾ ഓടാൻ നിർദേശം നൽകിയിരുന്നത്. ഇപ്പോൾ കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പ്രവർത്തിക്കാത്തതിനാൽ രാവെന്നോ പകലെന്നോ ഇല്ലാതെ റോഡിലൂടെ പായുകയാണ് ടിപ്പർലോറികൾ. ജില്ലയിൽ നിരവധി ജീവനുകൾ ടിപ്പറിന്റെ അമിത വേഗതമൂലം നഷ്ടപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണിൽ അപകടങ്ങൾ കുറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം 33 അപകടങ്ങളിലായി എട്ട് പേർ മരിച്ചിരുന്നു. ഈ അപകടത്തിൽ പരിക്കേറ്റവരിൽ ചിലർ ഇപ്പോഴും ചികിത്സയിലാണ്. വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാകുന്നതിന് പുറമേ വഴിയാത്രക്കാരേയും ഇടിച്ചിടാറുണ്ട് . അമിത വേഗതയാണ് ടിപ്പറിനെ വില്ലനാക്കുന്നത്. മണ്ണും കല്ലും പോലെയുള്ള വലിയ ലോഡുകളാവും കൊണ്ടു പോവുകയെങ്കിലും പരമാവധി വേഗതയിലാണ് പോകുന്നത്. ഒന്ന് മുതൽ അഞ്ച് വരെ ടിപ്പറുകൾ തുടർച്ചയായി പോകും. ഇതിൽ ഒരെണ്ണം വേഗത കുറച്ചാൽത്തന്നെ വലിയ അപകടം സംഭവിക്കും.
കാറുകളും ഇരുചക്ര വാഹനക്കാരുമാണ് ടിപ്പറിന്റെ പ്രധാന ഇരകളായി മാറുന്നത്.
-------------
2019 - 33 ടിപ്പർ അപകടങ്ങൾ
മരണം- 8
പരിക്കേറ്റവർ- 40
2020 ഫെബ്രുവരി 10ന് മുമ്പ് 5 അപകടങ്ങളിലായി ആറ് പേർക്ക് പരിക്ക്
-----------------------
"ടിപ്പർ ലോറികളുടെ അമിത വേഗത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരിശോധന കർശനമാക്കും. "
ആർ. രമണൻ
പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒ