ഗവി : ജില്ലാ ആസ്ഥാനത്തു നിന്നും 92 കിലോമീറ്റർ അകലെയുള്ള ജില്ലയിലെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സീതത്തോട് പഞ്ചായത്തിന്റെ ഭാഗമായ ഗവിയിൽ പരാധീനതകൾ ഏറെയാണ്. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ദേശങ്ങളിൽ ഒന്നാണ് ഇവിടെയെങ്കിലും ഇവിടുത്തെ മനുഷ്യരുടെ ജീവിതം പ്രയാസങ്ങൾ നിറഞ്ഞതാണ്. ഇവിടെ ഗവി എൽ.പി സ്‌കൂളിൽ പഠിക്കുന്നത് 17 കുട്ടികളാണ്. ഇതിൽ നാല് പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരും. കൊവിഡ് ഭീഷണിയിൽ തൊഴിലില്ലാതെ പ്രയാസപ്പെടുന്ന രക്ഷകർത്താക്കളുടെയും കാട് കയറി ജീവിക്കുന്ന ആദിവാസികളുടെയും മക്കളുടെ കാര്യത്തിൽ ചെറിയൊരു സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഗവിയിൽ എത്തിയത്. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫിയാണ് ഈ പ്രശ്‌നങ്ങളിൽ ഇടപെടണമെന്ന് സി.പി.ഐ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ സ്‌കൂളിലെ കുട്ടികൾക്ക് പഠനസൗകര്യം വർദ്ധിപ്പിക്കുന്നതിനായി ടിവിയും ഡിഷും നൽകി. കഴിഞ്ഞ രണ്ടു ദിവസമായി ഗവിയിൽ വൈദ്യുതി ഇല്ല. മഴക്കാലമായാൽ ദിവസങ്ങളോളം വൈദ്യുതി പോകുന്ന സ്ഥിതിയാണ് ഇവിടെയെന്ന് രക്ഷിതാക്കൾ പരാതി പറഞ്ഞു.സ്‌കൂളിന് ഇൻവെർട്ടർ സൗകര്യം കൂടി ഉറപ്പുവരുത്താൻ വേണ്ട അടിയന്തര ഇടപെടീൽ നടത്തിയ ശേഷമാണ് എ.പി ജയൻ മടങ്ങിയത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് ടി.വി നൽകി എ.പി ജയൻ ഉദ്ഘാടനം നിർവഹിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജി.ബൈജു, വൈസ് പ്രസിഡന്റ് എസ്.അഖിൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ജെ തോമസ്,എൽ.സി അംഗങ്ങളായ മുരളി, രാജാ ദുരെയ് അദ്ധ്യാപകരായ മണികണ്ഠൻ,ജയശിവം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.