പത്തനംതിട്ട: കോഴഞ്ചേരി ടൗണിൽ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് ക്ഷേത്ര ജീവനക്കാരൻ മരിച്ചു. അയിരൂർ ഇടപ്പാവൂർ പ്രശാന്തിയിൽ രമേശ് കുമാർ (50) ആണ് മരിച്ചത്. ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ കഴകം ജീവനക്കാരനായിരുന്നു. ഭാഗവത സപ്താഹ ആചാര്യനും മതപ്രഭാഷകനുമായിരുന്ന പരേതനായ മൂക്കന്നൂർ ഗോപാലസ്വാമിയുടെയും സരസമ്മയുടെയും ഇളയ മകനാണ് രമേശ് കുമാർ.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് റാന്നി - കോഴഞ്ചേരി റോഡിൽ മുത്തൂറ്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ആറൻമുള ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ഇടപ്പാവൂരിലെ വീട്ടിലേക്ക് വരികയായിരുന്നു രമേശ്. വൺവേ റോഡിൽ ഇടതു വശത്ത് കൂടിപ്പോയ സ്‌കൂട്ടറിന്റെ പിന്നിൽ അമിത വേഗതയിൽ എത്തിയ ടോറസ് ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട രമേശിന്റെ ചിന്നിച്ചിതറിയ മൃതദേഹം ഏറെ നേരം റോഡിൽ കിടന്നു. ആംബുലൻസ് എത്താൻ വൈകിയതിനാൽ ആറൻമുള എസ്.എച്ച്.ഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് മൃതദേഹം സ്ട്രക്ചറിൽ ചുമന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ടോറസ് ഓടിച്ച റാന്നി കരികുളം സ്വദേശി അനീഷ് കുമാറിനെ അറസ്റ്റുചെയ്തു.
രമേശ് അവിവാഹിതനാണ്. സഹോദരങ്ങൾ: സുരേഷ് കുമാർ (മുരളി), ശോഭ ,ഇന്ദു . കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം സംസ്കരിക്കും.
ഇടുക്കിയിലെ ആതുരാശ്രമത്തിൽ താമസിച്ച് പൂജകൾ പഠിച്ച ശേഷം ഇടപ്പാവൂർ ആശ്രമത്തിലെ ക്ഷേത്രം, മേലുകര ക്ഷേത്രം എന്നിവിടങ്ങളിൽ പൂജാരിയായി രമേശ് ജോലി ചെയ്തിട്ടുണ്ട്.